നേരത്തെ മാധ്യമങ്ങളിൽ അഭിഷേക് ക്യാപ്റ്റനായേക്കുമെന്ന് വാർത്തകൾ വന്നെങ്കിലും, അപ്രതീക്ഷിതമായാണ് ഇഷാൻ കിഷനെ സൺറൈസേഴ്സ് നായകനായി പ്രഖ്യാപിച്ചത്.
മുംബൈ: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റൻസി തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. പരിക്കേറ്റ് പുറത്തായ പാറ്റ് കമ്മിൻസിന് പകരം ഇഷാൻ കിഷനെ താല്‍ക്കാലിക ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഹൈദരാബാദിന്‍റെ തീരുമാനമാണ് യുവിയെ ചൊടിപ്പിച്ചത്. തന്‍റെ ശിഷ്യൻ കൂടിയായ അഭിഷേക് ശർമ്മയെ അവഗണിച്ചതിനെതിരെ സ്പോർട്സ് ടക്കിന് നൽകിയ അഭിമുഖത്തിലാണ് യുവരാജ് തുറന്നടിച്ചത്.
അഭിഷേക് ശർമ കഴിഞ്ഞ 7-8 വർഷമായി ഹൈദരാബാദിനായി കളിക്കുന്നു. ആ ടീമിനായി അവൻ അവന്‍റെ ഹൃദയവും ആത്മാവും നൽകി മികച്ച പ്രകടനമാണ് നടത്തുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെ നയിച്ച പരിചയസമ്പത്തും അഭിഷേകിനുണ്ട്. എന്നിട്ടും കമ്മിൻസിന്‍റെ അഭാവത്തിൽ അവനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തില്ലെന്ന് യുവരാജ് പറഞ്ഞു.
നേരത്തെ മാധ്യമങ്ങളിൽ അഭിഷേക് ക്യാപ്റ്റനായേക്കുമെന്ന് വാർത്തകൾ വന്നെങ്കിലും, അപ്രതീക്ഷിതമായാണ് ഇഷാൻ കിഷനെ സൺറൈസേഴ്സ് നായകനായി പ്രഖ്യാപിച്ചത്. അഭിഷേകിനെ വൈസ് ക്യാപ്റ്റനായാണ് തെരഞ്ഞെടുത്തത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഇഷാൻ കിഷൻ 2025ലെ ഐപിഎല്‍ താരലേലത്തിലാണ് ഹൈദരാബാദ് ടീമിലെത്തിയത്. കമിന്‍സിന് പകരം കിഷൻ ക്യാപ്റ്റനായിട്ടും ആദ്യ മത്സരത്തിൽ ഹൈദരാബാദ് ബെംഗളൂരുവിനോട് തോറ്റിരുന്നു.
ഇതേ പോഡ്കാസ്റ്റില്‍ പിതാവ് യോഗ്‌രാജ് സിംഗ് നടത്തിയ വിവാദപരമായ പരാമർശങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ നായകന്‍മാരായ എം.എസ്. ധോണിയോടും കപിൽ ദേവിനോടും യുവരാജ് സിംഗ് പരസ്യമായി ക്ഷമ ചോദിച്ചിരുന്നു. ധോണിക്കും കപില്‍ ദേവിനുമെതിരെ വർഷങ്ങളായി തുടരുന്ന യോഗ്‌രാജ് സിംഗിന്‍റെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കുമാണ് സ്പോര്‍ട്സ് ടോക് പോഡ്കാസ്റ്റില്‍ യുവരാജ് പരസ്യമായി ക്ഷമ ചോദിച്ചത്.എനിക്ക് കപിൽ ദേവിനോടും എം.എസ്. ധോണിയോടും ക്ഷമ ചോദിക്കണം എന്നാണ് വീഡിയോയില്‍ യുവരാജ് പറയുന്നത്. പിതാവിന്‍റെ ഇത്തരം തുറന്നുപറച്ചിലുകൾ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അച്ഛാ, ഇത് ശരിയല്ല; എന്ന് താൻ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും യുവരാജ് വെളിപ്പെടുത്തി.
