ബംഗലൂരു: കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം മുഴവന്‍ ലോക്‌ഡൗണിലായപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. സഹതാരങ്ങളെ കളിയാക്കിയും ഇന്‍സ്റ്റഗ്രാമിലൂടെ അഭിമുഖങ്ങള്‍ നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ചാഹല്‍ വാര്‍ത്ത സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം തന്റെ കൈയിലെ പുതിയ ടാറ്റു പ്രദര്‍ശിപ്പിച്ച് ചാഹല്‍ ഇട്ട ഒരു ചിത്രത്തിന് താഴെ പ്രകോപനപരമായ കമന്റുമായി എത്തിയ ആരാധകന്റെ വായടപ്പിച്ചിരിക്കുകയാണ് ചാഹല്‍ ഇപ്പോള്‍.

ടാറ്റു പതിച്ച കൈയുടെ ചിത്രം പോസ്റ്റ് ചെയ്ത് ആരുടെ കൈയാണെന്ന് ഊഹിക്കാമോ, ഉത്തരം വൈകാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കുമെന്നും ചാഹല്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ ഏത് ദാരിദ്ര്യം പിടിച്ചവന്റെ കൈയാണിതെന്ന് കമന്റ് ഇട്ടു. ഗ്രൗണ്ടില്‍ രാജ്യത്തിനായി ജീവന്‍പോലും കളയാന്‍ തയാറുള്ള ദരിദ്രന്റെ കൈയാണിതെന്നായിരുന്നു ഇതിന് ചാഹല്‍ നല്‍കി  മറുപടി.


രാജ്യാന്തര ക്രിക്കറ്റില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ചാഹല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധധകരുമായി നേരത്തെ പങ്കുവെച്ചിരുന്നു. ചാഹലിന് അഭിനന്ദനവുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തുകയും ചെയ്തു.

2016ല്‍ സിംബാബ്‌വെക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ ചാഹല്‍ ഇന്ത്യക്കായി ഇതുവരെ 52 ഏകദിനങ്ങളില്‍ നിന്ന് 91 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 42 ടി20 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകളാണ് ചാഹലിന്റെ നേട്ടം. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരമായ ചാഹല്‍ 84 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകളും സ്വന്തമാക്കി.