മുംബൈ: 'ഗംഭീര റണ്ണപ്പ്, ചാട്ടം, ഇടംകൈയന്‍ ആക്ഷന്‍, സ്വിങ്...ആഹാ അന്തസ്'. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാന്‍റെ പന്തുകള്‍ക്ക് ഇങ്ങനെയൊരു വര്‍ണനയാകാം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കാന്‍ ആക്ഷന്‍ സഹീറിന്‍റെയാവും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആക്ഷന്‍- സ്വിങ് ഹീറോ ആയി തിളങ്ങിയ സഹീര്‍ ഖാന്‍റെ 41-ാം ജന്മദിനമാണ് ഇന്ന്. 

ജന്മദിനത്തില്‍ മുന്‍ താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് സഹീറിന് ആശംസകളറിയിച്ചത്. വിവിഎസ് ലക്ഷ്‌മണ്‍, ഹര്‍ഭജന്‍ സിംഗ്, ശിഖര്‍ ധവാന്‍, രവിചന്ദ്ര അശ്വിന്‍, ചേതേശ്വര്‍ പൂജാര തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഖാന് ആശംസകളറിയിച്ചു. 

പതിനാല് വര്‍ഷം നീണ്ട കരിയറില്‍ 2011 ലോകകപ്പാണ് സഹീറിന്‍റെ സുപ്രധാന നേട്ടങ്ങളിലൊന്ന്. മൂന്ന് ലോകകപ്പുകളില്‍(2003, 2007, 2011) ഇന്ത്യയുടെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി സഹീര്‍ ഖാന്‍. ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിക്ക് കീഴില്‍ അരങ്ങേറിയ താരം 92 ടെസ്റ്റുകളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും സ്വന്തമാക്കി.