ലണ്ടന്‍: ലോകകപ്പ് ആദ്യഘട്ടത്തിലെ അവസാന മത്സരങ്ങളിലേക്ക് കടന്നതോടെ ഇനി നടക്കാനുള്ളത് ജീവന്മരണ പോരാട്ടങ്ങള്‍. അവസാന നാലില്‍ എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുന്ന മത്സരങ്ങള്‍ക്കാണ് ഇനി ഇംഗ്ലീഷ് മണ്ണ് സാക്ഷ്യം വഹിക്കുക. ഇന്ന് രണ്ട് മത്സരങ്ങളാണ് ലോകകപ്പില്‍ അരങ്ങേറുന്നത്. ഇത് രണ്ടും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പോരാണെന്നുള്ളത് പരസ്പരമുള്ള വീറും വാശിയും വര്‍ധിപ്പിക്കും.

പാക്കിസ്ഥാന് ഇന്ന് നിലനിൽപ്പിന്‍റെ പോരാട്ടമാണ്. അഫ്ഗാനിസ്ഥാനെതിരെ തോറ്റാല്‍ പാക് പടയുടെ സെമിസാധ്യത മങ്ങും. ലീഡ്സില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. ഇന്നത്തേതും കൂട്ടി രണ്ട് മത്സരങ്ങളാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്. ഇത് രണ്ടും ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും വേണം.

ഇനി ഒരു മത്സരം മാത്രമേ ജയിക്കുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങള്‍ തോല്‍ക്കാനും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ മാത്രം ജയിക്കാനും പ്രാര്‍ത്ഥിക്കണം. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് നാലിലൊന്നാവാനാവും. ഇതില്‍ ശ്രീലങ്ക ഇന്നലെ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പാക് പ്രതീക്ഷകള്‍ വാനോളമാണ്. അജയ്യരായി വന്ന ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ എത്തുമ്പോള്‍ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ദുഖത്തിലാണ് അഫ്ഗാന്‍ സംഘം ഇറങ്ങുന്നത്.

അതേസമയം, കഴിഞ്ഞ ലോകകപ്പിന്‍റെ കലാശപോരാട്ടം ലോകകപ്പില്‍ ഇന്ന് വീണ്ടും ആവര്‍ത്തിക്കും. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ കിവീസിനാണ് മത്സരം ഏറെ നിര്‍ണായകം. ലോകകപ്പില്‍ ഒരു മത്സരം മാത്രമാണ് തോറ്റതെങ്കിലും ഇതുവരെ സെമി ഉറപ്പാക്കാന്‍ കെയ്ന്‍ വില്യംസണും സംഘത്തിനും സാധിച്ചിട്ടില്ല. ഇതോടെ ഇന്ന് വിജയം നേടി അവസാന നാലില്‍ എത്താനുള്ള ശ്രമങ്ങളാകും കിവീസ് നടത്തുക. ഇന്ത്യയോട് ഒഴികെ എല്ലാ മത്സരത്തിലും മിന്നും വിജയം നേടി ഓസ്ട്രേലിയ മികച്ച ഫോമിലാണ്. സെമിക്ക് മുമ്പ് മറ്റൊരു തോല്‍വി കൂടെ ഓസീസ് ആഗ്രഹിക്കുന്നില്ല.