അഫ്‌ഗാന്‍ പരിശീലകനെതിരെ പരിഹാസവുമായി അക്‌തര്‍. തോറ്റമ്പുന്ന പാക്കിസ്ഥാനെയും വിമര്‍ശിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ആരാധകര്‍.
ലണ്ടന്‍: ലോകകപ്പില്‍ മോശം പ്രകടനം കാഴ്‌ചവെക്കുന്ന അഫ്‌ഗാനിസ്ഥാന്‍ ടീമിന്‍റെ പരിശീലകനെതിരെ ആഞ്ഞടിച്ച് ഷൊയൈബ് അക്‌തര്‍. 'അഫ്‌ഗാന്‍ പരിശീലകന്‍ വട്ടപ്പൂജ്യമാണ്. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ഇതിലും മികച്ച പ്രകടനം നടത്താനാകും. അദേഹത്തിന്‍റെ മോശം പ്രകടനം പോയിന്‍റ് പട്ടികയില്‍ വ്യക്തമാണെന്നും' റാവല്‍പിണ്ടി എക്‌സ്‌പ്രസ് വിമര്‍ശിച്ചു.
ലോകകപ്പില്‍ അത്ഭുതങ്ങള്‍ കാട്ടുമെന്ന് പ്രതീക്ഷിച്ച അഫ്‌ഗാന്‍ പോയിന്‍റൊന്നും നേടാതെ ഇതിനകം പുറത്തായിട്ടുണ്ട്. അഫ്‌ഗാന്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ചും തോറ്റ് പോയിന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. തങ്ങളുടെ ആറാം മത്സരത്തില്‍ ഇന്ത്യയെ നേരിടുകയാണ് അഫ്‌ഗാന്‍. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് ഏറെ അത്ഭുതങ്ങള്‍ കാട്ടിയിട്ടുള്ള ടീമാണ് അഫ്‌ഗാന്‍.
എന്നാല്‍ പാക്കിസ്ഥാന്‍റെ മോശം പ്രകടനം മറന്നുകൊണ്ട് അഫ്‌ഗാനെ തെരഞ്ഞുപിടിച്ച് ആക്രമിച്ച അക്‌തറിനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി. പോയിന്‍റ് പട്ടികയില്‍ ഒരു മത്സരം മാത്രം ജയിച്ച് ഒന്‍പതാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. അഞ്ച് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റാണ് പാക്കിസ്ഥാനുള്ളത്.
