ലണ്ടന്‍: ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ബൗളിങ് അറ്റാക്ക് നയിക്കേണ്ട താരമായിരുന്നു കഗിസോ റബാദ. എന്നാല്‍ മോശം പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസറില്‍ നിന്നുണ്ടായത്. ലോകകപ്പില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് റബാദ വീഴ്ത്തിയത്. 50.83 ശരാശരിയിലായിരുന്നു ഈ പ്രകടനം. ഏകദിനത്തില്‍ 27.74-ാണ് റബാദയുടെ ശരാശരിയെന്ന് ഓര്‍ക്കണം. 

ലോകകപ്പില്‍ റബാദ മോശം ഫോമിലായപ്പോള്‍ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത് പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് പരാജയപ്പെട്ടതോടെയാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രതീക്ഷകള്‍ അവസാനിച്ചത്. മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു.

റബാദയുടെ ഐപിഎല്‍ പങ്കാളിത്തവുമായി ബന്ധപ്പെട്ടായിരുന്നത്. ഐപിഎല്ലില്‍ പങ്കെടുത്തതാണ് മോശം പ്രകടനത്തിന് കാരണമെന്ന് എടുത്ത് പറഞ്ഞില്ലെങ്കിലും അങ്ങനെ ഒരു അര്‍ത്ഥം ഡു പ്ലെസിയുടെ വാക്കുകളിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ''ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് റബാദയോട് കളിക്കരുതെന്ന് പറഞ്ഞിരുന്നു. ലോകകപ്പില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നത്. മാത്രമല്ല, ഐപിഎല്‍ പകുതി ആയപ്പോള്‍ റബാദയെ തിരിച്ചുവിളിക്കാനും പദ്ധതിയുണ്ടായിരുന്നു. ലോകകപ്പിന് പൂര്‍ണ ഫിറ്റായി കളിക്കണമായിരുന്നു. എന്നാല്‍ ഇതൊന്നും ലോകകപ്പില്‍ നിന്ന് നേരത്തെയുള്ള പുറത്താകലിനെ ന്യായീകരണമാകുന്നില്ല.'' ഡു പ്ലെസിസ് പറഞ്ഞു നിര്‍ത്തി. 

നേരത്തെ, ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഡ്വെയ്ല്‍ സ്റ്റെയ്‌നിന് പരിക്കേറ്റ് ലോകകപ്പ് നഷ്ടമായപ്പോഴും ഡുപ്ലെസിസ് ഐപിഎല്ലിനെ കുറ്റപ്പെടുത്തിയിരുന്നു. സ്റ്റെയ്ന്‍ ഐപിഎല്‍ കളിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം ലോകകപ്പില്‍ പന്തെറിയുമായിരുന്നുവെന്നാണ് ഡുപ്ലെസിസ് പറഞ്ഞത്.