ലണ്ടന്‍: പ്രധാന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകളായതിനാല്‍ ലോകകപ്പിന്‍റെ ആദ്യ 20 ദിവസം ഇന്ത്യന്‍ ടീം അംഗങ്ങളുടെ കൂടെ അവരുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്ര ചെയ്യാനോ ഒന്നും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ആദ്യ നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും വിജയം നേടി ഏകദേശം സെമി ഇന്ത്യ ഉറപ്പിച്ചതോടെ ആ വിലക്ക് ബിസിസിഐ നീക്കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനുമായുള്ള അടുത്ത മത്സരത്തിന് മുമ്പായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനൂഷ്ക ശര്‍മ ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്. കോലിയും അനൂഷ്കയും ലണ്ടനിലെ ഓള്‍ ബോണ്ട് സ്ട്രീറ്റില്‍ എത്തിയതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ പര്യടനങ്ങളിലും വിരാടിനും ഇന്ത്യക്കും പിന്തുണയുമായി അനൂഷ്ക എത്തിയിരുന്നു. രോഹിത് ശര്‍മ, ഭാര്യ റിതിക തുടങ്ങിയവര്‍ക്കൊപ്പം ലോക്കല്‍ ട്രെയിനില്‍ കയറിയതിന്‍റെ ചിത്രങ്ങള്‍ ശിഖര്‍ ധവാനും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനായി അടുത്ത് തന്നെ ടീം പരിശീലനം തുടങ്ങും.