മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഇന്ത്യ 18 റണ്‍സിന് പരാജയമേറ്റുവാങ്ങിയ മത്സരം ആരാധകര്‍ ഞെട്ടലോടെയാണ് കണ്ടുതീര്‍ത്തത്. എന്നാല്‍ ഇന്ത്യയുടെ മത്സരഫലം അത്ഭുതപ്പെടുത്താത്ത ഒരാളുണ്ട്. മുംബൈയിലുള്ള ജ്യോത്സ്യന്‍ ഗ്രീന്‍സ്റ്റണ്‍ ലോബോയാണത്.

ഇന്ത്യ ഫൈനലിലെത്താതെ പുറത്താകും എന്ന ലോബോയുടെ പ്രവചനം അച്ചട്ടാവുകയായിരുന്നു. സെമി റിസര്‍വ് ദിനത്തിലേക്ക് നീങ്ങിയില്ലെങ്കിലും ഫലം ഇതുതന്നെ ആകുമായിരുന്നു എന്നാണ് ലോബോയുടെ പക്ഷം. ലോകകപ്പ് തുടങ്ങുന്നതിന് രണ്ട് മാസം മുന്‍പാണ് ഇദേഹം പ്രവചനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 

പ്രവചനം ഫലിച്ചെങ്കിലും ഗ്രീന്‍സ്റ്റണ്‍ ലോബോ അത്ര സന്തോഷവാനല്ല. തന്‍റെ പ്രവചനം തെറ്റിയിരുന്നെങ്കില്‍ താന്‍ സന്തോഷിക്കുമായിരുന്നു എന്നാണ് മത്സരശേഷം ഡെക്കാന്‍ ക്രോണിക്കളിനോട് ഗ്രീന്‍സ്റ്റണ്‍ ലോബോയുടെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് നിരവധി പ്രവചനങ്ങള്‍ നടത്തി ശ്രദ്ധ നേടിയ ജ്യോത്സ്യനാണ് ലോബോ. 50 പ്രവചനങ്ങളടങ്ങിയ 'ഹൗസാറ്റ്' എന്ന പുസ്‌തകം ശ്രദ്ധേയമാണ്.