ലോകകപ്പില്‍ കോലിയുടെ മോശം പെരുമാറ്റം വീണ്ടും ചര്‍ച്ചയാവുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അംപയര്‍മാരോടും എതിര്‍ ടീമിലെ താരത്തോടും കോലിയുടെ പ്രകോപനം.  

ബര്‍മിംഗ്‌ഹാം: കളിക്കളത്തിലെ വിരാട് കോലിയുടെ പെരുമാറ്റം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പില്‍ അംപയറോട് അമിത അപ്പീല്‍ നടത്തിയ കോലിക്ക് പിഴ ലഭിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും സമാനമായ സംഭവങ്ങളാണ് കോലിയുടെ ഭാഗത്തുനിന്നുണ്ടായത്.

ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ 11-ാം ഓവറില്‍ മുഹമ്മദ് ഷമിയെറിഞ്ഞ പന്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഷമിയുടെ പന്ത് സൗമ്യ സര്‍ക്കാറിന്‍റെ പാഡില്‍ തട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ കോലി ഡിആര്‍എസ് ആവശ്യപ്പെട്ടു. ഇന്‍സൈസ് എഡ്‌ജ് കണ്ടെത്തിയ മൂന്നാം അംപയര്‍ അലിം ദാര്‍ അള്‍ട്രാ എഡ്‌ജ് പരിശോധിച്ചില്ല. 

ഇതോടെ ഫീല്‍ഡ് അംപയറുടെ തീരുമാനം മൂന്നാം അംപയറും ശരിവെച്ചു. ഇന്ത്യ ഒരു റിവ്യൂ അവസരം നഷ്ടമാക്കുകയും ചെയ്തു. എന്നാല്‍ ഫീല്‍ഡ് അംപയര്‍മാരുടെ അടുത്തെത്തി ശക്തമായി തര്‍ക്കിക്കുകയാണ് കോലി ചെയ്തത്. നേരത്തെ, അഫ്‌ഗാന് എതിരായ മത്സരത്തില്‍ അംപയറോട് അമിത അപ്പീല്‍ നടത്തിയ കോലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ലഭിച്ചിരുന്നു.

സൗമ്യ സര്‍ക്കാര്‍ പുറത്തായപ്പോഴും കോലി നിയന്ത്രണം വിട്ടു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തില്‍ സംഭവിച്ചതിങ്ങനെ. ഷോര്‍ട് എക്‌സ്‌ട്രാ കവറില്‍ സൗമ്യയുടെ ക്യാച്ചെടുത്തത് കോലി. ക്യാച്ചെടുത്തതിന് പിന്നാലെ ഔട്ടാണെന്ന് സൗമ്യക്ക് നേരെ വിരല്‍ചൂണ്ടി കാണിക്കുകയായിരുന്നു കോലി. 38 പന്തില്‍ 33 റണ്‍സാണ് സൗമ്യ നേടിയത്.