മുംബൈ: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിസിഐ. ഇതുവരെ താരങ്ങള്‍ക്കെതിരെയായിരുന്നു കുറ്റപ്പെടുത്തല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതാദ്യമായിട്ടാണ് തോല്‍വിക്ക് ശേഷം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വാക്കുകള്‍ ഉയരുന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം സെലക്ഷന്‍ കമ്മിറ്റിക്ക് കൂടിയാണെന്ന് ബിസിസിഐ സീനിയര്‍ അംഗം പറഞ്ഞു.

ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ... ''ടീം ഒരു പരമ്പര ജയിക്കുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റിക്കും സാമ്പത്തിക നേട്ടമുണ്ടാവുന്നുണ്ട്. എന്നാല്‍ ടീം പരാജയപ്പെടുമ്പോള്‍ താരങ്ങള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നു. സെലക്റ്റര്‍മാരെ കുറിച്ച് ഒരു ചര്‍ച്ച പോലും നടക്കുന്നില്ല.

എന്താണ് എം.എസ്.കെ പ്രസാദിനെ കുറിച്ച് ഒന്നും സംസാരിക്കാത്തത്. അദ്ദേഹം എല്ലാ ടൂറിലും ടീമിനൊപ്പം യാത്ര ചെയ്യുന്നു. ടീമിന്‍റെ ഘടനയെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. എന്നിട്ടും നാലാം നാലാം നമ്പര്‍ സ്ഥാനത്തെ കസേരകളി അവസാനിപ്പിക്കാന്‍ പ്രസാദിന് കഴിഞ്ഞില്ല. മധ്യനിരയിലെ മോശം പ്രകടനത്തിന് ഉത്തരവാദി അദ്ദേഹം കൂടിയാണ്. പ്രസാദിനെ പുറത്തുനിന്ന് മറ്റെന്തെങ്കിലും ഘടകം സ്വാധീനിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം.'' ബിസിസിഐ അംഗം പറഞ്ഞു.

നേരത്തെ, അമ്പാട്ടി റായുഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അദ്ദേഹത്തിന് പകരം വിജയ് ശങ്കറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ശങ്കറിന് പരിക്കേറ്റപ്പോള്‍ മായങ്ക് അഗര്‍വാളിനെ ടീമിലെടുക്കുകയായിരുന്നു. അപ്പോഴും അമ്പാട്ടി റായുഡു പുറത്ത് നിന്നു. മധ്യനിര ബാറ്റ്‌സ്മാന്‍ പകരം ഓപ്പണറെ ടീമില്‍ ഉള്‍പ്പെടുത്തിയതെല്ലാം ആരാധരെ നിരാശരാക്കിയിരുന്നു.