ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലിലെ താരമായതോടെ പഴയൊരു പാപക്കറ കൂടി കഴുകിക്കളഞ്ഞു ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ്. 2016 ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവർ ദുരന്തം ഇനി താരത്തിന് മറക്കാം.

ട്വന്‍റി20 ലോക കിരീടം ഒരിക്കൽ കൂടെ നാട്ടിലേക്കെന്ന് ഉറപ്പിച്ചാണ് അന്ന് ബെൻ സ്റ്റോക്സിന് ഇംഗ്ലണ്ട് നായകന്‍ അവസാന ഓവർ നൽകിയത്. 19 റൺസ് വേണ്ടിയിരുന്ന ഓവറിൽ വിൻഡീസ് താരം ബ്രാത്ത്‍വെയ്റ്റ് സംഹാരതാണ്ഡവമാടി. എട്ടാമനായി ഇറങ്ങിയ ബ്രാത്ത്‌വെയ്റ്റ് നാല് പന്തിൽ ഇംഗ്ലണ്ടിന്‍റെ കഥ കഴിച്ചു. കൊൽക്കത്തയിൽ ബെൻ സ്റ്റോക്സിന്‍റെ കണ്ണീർ.

പക്ഷെ മൂന്ന് വർഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് ഫൈനൽ കഴിയുമ്പോൾ സ്റ്റോക്സിന്‍റെ മുഖത്തെ പുഞ്ചിരിക്ക് നല്ല തിളക്കം. 86 റൺസിന് നാല് വിക്കറ്റെന്ന നിലയിൽ തകർന്ന ടീമിനെ ബട്‌ലര്‍ക്കൊപ്പം ചുമലിലേറ്റി സ്റ്റോക്സ്. എല്ലാവരും പുറത്തായപ്പോഴും 84 റൺസുമായി ഒരറ്റത്ത് സ്റ്റോക്സുണ്ടായിരുന്നു. അംഗീകാരമായി സൂപ്പർ ഓവറിനും പാഡ് കെട്ടി. ക്യാപ്റ്റന്‍റെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശി സ്റ്റോക്സ് കളിയിലെ താരമായി.