ലണ്ടന്‍: പേസര്‍ ജസ്‌പ്രീത് ബൂമ്രയുടെ പ്രകടനമായിരിക്കും ഇന്ത്യ ലോകകപ്പുയര്‍ത്തുന്നതില്‍ നിര്‍ണായകമാവുകയെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ക്ലാര്‍ക്ക്. അതേസമയം ഡേവിഡ് വാര്‍ണറുടെ ഫോമാണ് ഓസ്‌ട്രേലിയക്ക് സാധ്യതകള്‍ നല്‍കുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്ലാര്‍ക്കിന്‍റെ വാക്കുകള്‍.

'ബൂമ്ര പൂര്‍ണ ആരോഗ്യവാനാണ്. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകും അയാളുടെ സംഭാവനകള്‍. 150 കി.മീയോളം വേഗതയില്‍ പന്തെറിയാന്‍ ബൂമ്രയ്‌ക്കാകുന്നു. ഡെത്ത് ഓവറുകളില്‍ മറ്റാരേക്കാളും നന്നായി യോര്‍ക്കറുകള്‍ എറിയുന്നു. അല്‍പം റിവേര്‍സ് സ്വിങ് കൂടി ലഭിച്ചാല്‍ ബൂമ്ര ജീനിയസാകുമെന്നും' ക്ലാര്‍ക്ക് പറഞ്ഞു. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് ബൂമ്രയുടെ സമ്പാദ്യം. 

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കുറിച്ചും ക്ലാര്‍ക്കിന് ചിലത് പറയാനുണ്ട്. 'വാര്‍ണറില്‍ നിന്ന് അസാധാരണ പ്രകടനമൊന്നും പ്രതീക്ഷിക്കുന്നില്ല, എന്നും അയാള്‍ അസാധാരണ താരമാണ്. വാര്‍ണറാണ് ഓസീസിന്‍റെ 'എക്‌സ് ഫാക്‌ടര്‍'. ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ വാര്‍ണറായിരിക്കുമെന്നും' ക്ലാര്‍ക്ക് പറഞ്ഞു. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 447 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്.