ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ രണ്ടും കല്‍പ്പിച്ച് പോരാടുമെന്ന് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ഈ മാസം 30ന് നടക്കുന്ന ഇന്ത്യക്കെതിരായ പോരാട്ടം ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യത മങ്ങും. ഈ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ഒരടി പിന്നോട്ട് വെയ്ക്കില്ലെന്നും ഓസ്ട്രേലിയക്കെതിരായ തോല്‍വിക്കുശേഷം സ്റ്റോക്സ് പറഞ്ഞു.

ഇന്ത്യ മികച്ച ഫോമിലാണെങ്കിലും അവര്‍ക്കെതിരെ ഇംഗ്ലണ്ടില്‍ തങ്ങള്‍ക്ക് മികച്ച റെക്കോര്‍ഡാണുള്ളതെന്നും സ്റ്റോക്സ് പറഞ്ഞു. ഇന്ത്യക്കെതിരെ ഞങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലെ തോല്‍വികളില്‍ ടീം അംഗങ്ങള്‍ എല്ലാവരും നിരാശരാണ്. എങ്കിലും ഇത് ഞങ്ങളുടെ ലോകകപ്പാണ്. അത് സ്വന്തമാക്കാനായി ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും പുറത്തെടുക്കും-സ്റ്റോക്സ് പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ തോല്‍വിയോടെ സെമി സാധ്യതകള്‍ തുലാസിലായ ആതിഥേയരായ ഇംഗ്ലണ്ടിന് ഇനി ഇന്ത്യയെയും ന്യൂസിലന്‍ഡിനെയുമാണ് നേരിടാനുള്ളത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും കീഴടക്കുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. 30നാണ് ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം. ജൂലൈ മൂന്നിന് ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും.