മാഞ്ചസ്റ്റര്‍: ലോകകപ്പിന് ശേഷം പ്ലാന്‍ എന്താണെന്ന് വ്യക്തമാക്കി വിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍. നേരത്തെ, ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ഗെയ്ല്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് ഗെയ്ല്‍. വിന്‍ഡീസ് ജേഴ്‌സിയില്‍ ഒരിക്കല്‍കൂടി കളിക്കണമെന്നാണ് ക്രിസ് ഗെയ്ല്‍ പറയുന്നത്. 

ലോകകപ്പില്‍ വിന്‍ഡീസിന്റെ ഓപ്പണറായ ഗെയ്ല്‍ പറയുന്നതിങ്ങനെ... '' ലോകകപ്പ് എന്റെ അവസാന ടൂര്‍ണമെന്റല്ല. കുറച്ച് മത്സരങ്ങള്‍ കൂടി കളിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യക്കെതിരെ നടക്കുന്ന ഒരു ടെസ്റ്റില്‍ കളിച്ചേക്കും. പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിലും കളിക്കണം. എന്നാല്‍ ടി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കും. ശേഷം വിരമിക്കാനാണ് ലക്ഷ്യമിടുന്നത്.'' ഗെയ്ല്‍ പറഞ്ഞു നിര്‍ത്തി. 

വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജര്‍ ഫിലിപ്പ് സ്പൂണറും  ഇക്കാര്യം ഉറപ്പ് വരുത്തിയിരുന്നു. ഇന്ത്യക്കെതിരെ നടക്കുന്നത്  ഗെയ്‌ലിന്റെ അവസാന അന്താരാഷ്ട്ര പരമ്പരയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20യും രണ്ട് ടെസ്റ്റ് മാച്ചുകളുമാണ് പരമ്പരയിലുള്ളത്.