ലണ്ടന്‍: ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്‌ഡ്. ഇന്ത്യക്കാണ് കൂടുതല്‍ സാധ്യതയെന്നും ഇന്ത്യയെ പരാജയപ്പെടുത്താതെ മറ്റ് ടീമുകള്‍ക്ക് കപ്പുയര്‍ത്താനാവില്ലെന്നും രണ്ട് തവണ വിന്‍ഡീസിനെ കിരീടത്തിലേക്ക് നയിച്ച ലോയ്‌ഡ് പറഞ്ഞു.

'ഇന്ത്യയുടെ പ്രകടനത്തില്‍ താന്‍ ആകൃഷ്ടനാണ്. ഇന്ത്യയോ ഓസ്‌ട്രേലിയയോ ആയിരിക്കും ലോകകപ്പ് ജേതാക്കള്‍. മറ്റ് ടീമുകള്‍ക്ക് കപ്പ് വേണമെങ്കില്‍ ഇന്ത്യയെ തോല്‍പിക്കാതെ വഴിയില്ല. ഇന്ത്യ അപരാജിതരാണ് ഇതുവരെ, അവര്‍ സന്തുലിതമായ ടീം ആണ് എന്നും' ക്ലൈവ് ലോയ്‌ഡ് ഐസിസിയിലെ കോളത്തിലെഴുതി. 

വെസ്റ്റ് ഇന്‍ഡീസിനെ തുടര്‍ച്ചയായി 1975ലും 1979ലും ലോകകപ്പ് ജേതാക്കളാക്കി ക്ലൈവ് ലോയ്‌ഡ്. എന്നാല്‍ ലോയ്‌ഡ് യുഗത്തിന് ശേഷം ഒരു തവണ(1996) മാത്രമാണ് കരീബിയന്‍ കരുത്തര്‍ക്ക് സെമി കളിക്കാനായത്. ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയുന്ന ടീമായിരിക്കും ലോകകപ്പ് നേടുക എന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ നേരത്തെ പറഞ്ഞിരുന്നു.