ലണ്ടന്‍: ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് മിന്നുന്ന കുതിപ്പിലാണ് ന്യുസിലന്‍ഡ്. കഴിഞ്ഞ തവണ നഷ്ടമായ ലോക കിരീടം ഇത്തവണ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെയ്‍ന്‍ വില്യംസണും സംഘവും. ഇനി ന്യുസിലന്‍ഡിന് നേരിടേണ്ടത് ഇന്ത്യയെയാണ്.

ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും കീഴടക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാകും കിവികള്‍ക്കെതിരെ പോരിനിറങ്ങുക. അതുകൊണ്ട് തന്നെ കോലിപ്പടയ്ക്കെതിരായ മത്സരത്തിന് മുമ്പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ നായകന്‍ ‍ഡാനിയേല്‍ വെട്ടോറി. ലോകകപ്പിൽ ന്യുസീലൻഡിന്‍റെ ഏറ്റവും നിർണായക മത്സരം ഇന്ത്യക്കെതിരെ ആയിരിക്കുമെന്നാണ് ഡാനിയേൽ വെട്ടോറി പറയുന്നത്.

ഗാലറിയിലെ ഇന്ത്യൻ ആരാധകരാവും കിവീസിന് ഏറ്റവും വലിയ വെല്ലുവിളിയെന്നും വെട്ടോറി പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തോൽപിച്ചെത്തുന്ന ഇന്ത്യ കരുത്തരാണ്. നാളുകളായി സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യയെ തോൽപിക്കുക പ്രയാസമാണെന്നും ഡാനിയല്‍ വെട്ടോറി പറഞ്ഞു.