ട്രെന്‍റ്  ബോള്‍ട്ടിനെ പോലെ ആവനാഴിയില്‍ ഒരുപാട് ആയുധങ്ങള്‍ ഉള്ള താരമാണ് ബൂമ്ര. അവിടെ ഇംഗ്ലണ്ട് പയറ്റിയ തന്ത്രമാണ് ഗുണം ചെയ്യുക. ബൂമ്രയെ കടന്നാക്രമിക്കാതെ മറ്റു ബൗളമാര്‍ക്കെതിരെ ആഞ്ഞടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്

മാഞ്ചസ്റ്റര്‍: ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങും മുമ്പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പ് നല്‍കി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. ചൊവ്വാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ സെമി പോരാട്ടം അരങ്ങേറുക. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂമ്രയെ ഭയക്കണമെന്നാണ് കിവീസ് താരങ്ങള്‍ക്ക് വെട്ടോറി നല്‍കുന്ന ഉപദേശം.

നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാനപരമായി ബൂമ്രയെ നേരിടാന്‍ സാധിക്കില്ലെന്ന് വെട്ടോറി പറഞ്ഞു. ട്രെന്‍റ് ബോള്‍ട്ടിനെ പോലെ ആവനാഴിയില്‍ ഒരുപാട് ആയുധങ്ങള്‍ ഉള്ള താരമാണ് ബൂമ്ര. അവിടെ ഇംഗ്ലണ്ട് പയറ്റിയ തന്ത്രമാണ് ഗുണം ചെയ്യുക. ബൂമ്രയെ കടന്നാക്രമിക്കാതെ മറ്റു ബൗളമാര്‍ക്കെതിരെ ആഞ്ഞടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്.

എന്തായാലും ടീമിലേക്ക് മുഹമ്മദ് ഷമി മടങ്ങിയെത്താനാണ് സാധ്യത. ഒരു വന്‍ സ്കോര്‍ നേടാനുള്ള എല്ലാ മരുന്നുകളും ന്യൂസിലന്‍ഡ് ടീമിലുണ്ട്. എന്നാല്‍, ഇതുവരെ ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും വെട്ടോറി പറഞ്ഞു. ഇന്ത്യക്കെതിരെ ഉപയോഗിക്കാവുന്ന വജ്രായുധം ട്രെന്‍റ് ബോള്‍ട്ട് ആണെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരമാണ് ജസ്പ്രീത് ബൂമ്ര. മിച്ചല്‍ സ്റ്റാര്‍ക്കും മുസ്താഫിസുര്‍ റഹ്മാനും മുന്നിലുണ്ടെങ്കിലും അതിശയപ്പെടുത്തുന്ന എക്കോണമി റേറ്റാണ് ബൂമ്രയുടേത്.