ലണ്ടന്‍: ലോകകപ്പിലുടനീളം സ്‌കോറിംഗ് വേഗക്കുറവിന്‍റെ പേരില്‍ എം എസ് ധോണി വിമര്‍ശനം കേട്ടിരുന്നു. സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ഈ വിമര്‍ശനങ്ങള്‍ അതിരുകടന്നു. കിവികള്‍ക്കെതിരെ ധോണി ഭേദപ്പെട്ട പ്രകടനം നടത്തി എന്ന വസ്‌തുത മറന്നായിരുന്നു ഈ വിമര്‍ശനങ്ങളൊക്കെയും. ധോണിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. 

ധോണിക്ക് വിമര്‍ശനങ്ങളും പിന്തുണയും ലഭിക്കുന്നതിനിടെ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് വോ രംഗത്തെത്തി. 'ധോണിക്കെതിരായ വിമര്‍ശനം അനീതിയാണ്. ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ വിജയിപ്പിച്ച താരമാണയാള്‍. ഒരേ ശൈലിയിലാണ് അയാള്‍ ഇത്രകാലവും ബാറ്റ് ചെയ്തതെന്നും' ധോണിയുടെ സ്‌കോറിംഗ് വേഗക്കുറവിനെ പിന്തുണച്ച് സ്റ്റീവ് വോ പറഞ്ഞു.

'ഏകദിനത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്നതിന്‍റെ പ്രയാസം തനിക്ക് നന്നായി അറിയാം. ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ധോണിയോളം മികച്ച നിലയില്‍ മത്സരം ഫിനിഷ് ചെയ്ത താരമില്ല. ഇന്ത്യ മത്സരം ജയിക്കുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ തുടക്കത്തിലെ വിക്കറ്റുകള്‍  നഷ്ടമായതും ഹെന്‍‌റിയുടെയും ബോള്‍ട്ടിന്‍റെയും ലോകോത്തര ബൗളിംഗും നിര്‍ണായകമായെന്നും' മുന്‍ ഓസീസ് നായകന്‍ കൂട്ടിച്ചേര്‍ത്തു.