മത്സരത്തില്‍ ജയിക്കാനായി വമ്പനടികള്‍ ആവശ്യമായ സമയത്താണ് ധോണിയുടെ വിരലിന് പരിക്കേറ്റത്. ഇതാണോ ഇംഗ്ലണ്ടിനെതിരെ ധോണിയുടെ മെല്ലെപ്പോക്കിന് കാരണമായതെന്നാണ് ആരാധകര്‍ ചോദ്യം ഉന്നയിക്കുന്നത്

ബര്‍മിംഗ്‌ഹാം: ലോകകപ്പില്‍ സ്‌കോറിംഗ് വേഗക്കുറവിന്‍റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. ബംഗ്ലാദേശിനെതിരെ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതോടെ വിമര്‍ശനങ്ങള്‍ വര്‍ധിച്ചു. ആറാമനായി 39-ാം ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന ഓവറില്‍ പുറത്താവുകയായിരുന്നു.

നാല് ഫോറുകള്‍ നേടിയപ്പോള്‍ ഒരു സിക്‌സ് പോലും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായില്ല. ധോണി ക്രീസിലുണ്ടായിട്ടും അവസാന 10 ഓവറുകളില്‍ 63 റണ്‍സാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തിലെ പോലെ സിംഗിളുകളെടുത്താണ് ധോണി ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചത്.

ഇതോടെ ധോണിക്കെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ താരത്തിന്‍റെ ചില ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ മുറിവേറ്റ പെരുവിരല്‍ വായിലാക്കി ചോര തുപ്പിക്കളയുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.

മത്സരത്തില്‍ ജയിക്കാനായി വമ്പനടികള്‍ ആവശ്യമായ സമയത്താണ് ധോണിയുടെ വിരലിന് പരിക്കേറ്റത്. ഇതാണോ ഇംഗ്ലണ്ടിനെതിരെ ധോണിയുടെ മെല്ലെപ്പോക്കിന് കാരണമായതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍, ബംഗ്ലാദേശിനെതിരെ പരിക്കിന്‍റെ സൂചനകള്‍ ഒന്നും താരം കാണിച്ചുമില്ല.

ടീം മാനേജ്മെന്‍റോ ബിസിസിഐയോ ധോണിയുടെ പരിക്കിനെ കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടുമില്ല. ഇതിനകം രണ്ട് പേരാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായത്.