ഇന്ത്യയെ വീഴ്‌ത്താനുള്ള വഴി തങ്ങള്‍ക്കറിയാമെന്ന് ബംഗ്ലാദേശ് ബൗളിംഗ് പരിശീലകന്‍ കോട്‌നി വാല്‍ഷ് 

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ബംഗ്ലാദേശ് തന്ത്രം വെളിപ്പെടുത്തി ബൗളിംഗ് പരിശീലകന്‍ കോട്‌നി വാല്‍ഷ്. ന്യൂ ബോളില്‍ വിക്കറ്റ് നേടുന്നതാണ് ഇന്ത്യക്കെതിരെ നിര്‍ണായകമാവുകയെന്ന് വാല്‍ഷ് പറഞ്ഞു. 

'ബിര്‍മിംഗ്‌ഹാമിലെ വിക്കറ്റില്‍ എന്താണ് സംഭവിക്കുകയെന്ന് കണ്ടറിയണം. ടേണ്‍ ലഭിച്ചാല്‍ അത് തങ്ങള്‍ക്ക് പ്രയോജനപ്പെടും. സ്‌പിന്നര്‍മാരെ ഉപയോഗിച്ച് തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ സഹായകമാകും. ന്യൂ ബോളില്‍ സ്വിങോ മൂവ്മെന്‍റോ ലഭിച്ചാല്‍ പേസര്‍മാരും അത് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. എല്ലാം പിച്ചിന്‍റെ സ്വാഭാവം അനുസരിച്ചിരിക്കുമെന്നും' വാല്‍ഷ് പറഞ്ഞു.

എഡ്‌ജ്ബാസ്റ്റണില്‍ ചൊവ്വാഴ്‌ചയാണ് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം. ഇന്ത്യക്കെതിരെ വിജയിച്ചാല്‍ മാത്രമേ ബംഗ്ലാദേശിന് സെമി സാധ്യതകള്‍ നിലനിര്‍ത്താനാകും. ജയം ഇന്ത്യക്കാണെങ്കില്‍ നീലപ്പട സെമിയിലെത്തും. ഏഴ് കളിയില്‍ 11 പോയിന്‍റുമായി ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും അത്രതന്നെ മത്സരത്തില്‍ ഏഴ് പോയിന്‍റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്തുമാണ്.