Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെ തകര്‍ത്തു; ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ആതിഥേയരായ ഇംഗണ്ട്് സെമി ഉറപ്പിച്ചു. ഡര്‍ഹാമില്‍ നടന്ന മത്സരത്തില്‍ 119 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്.

England into the semis of World Cup by beating New Zealand
Author
Durham, First Published Jul 3, 2019, 11:00 PM IST

ഡര്‍ഹാം: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ആതിഥേയരായ ഇംഗണ്ട് സെമി ഉറപ്പിച്ചു. ഡര്‍ഹാമില്‍ നടന്ന മത്സരത്തില്‍ 119 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 45 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മാര്‍ക് വുഡാണ് കിവീസിനെ തകര്‍ത്തത്. ഇതോടെ ഇരു ടീമുകളും പ്രാഥമിക റൗണ്ട് പൂര്‍ത്തിയാക്കി. ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ഇത്രയും മത്സരങ്ങളില്‍ 11 പോയിന്റുള്ള കിവീസ് നാലാമതാണ്. 

കിവീസ് നിരയില്‍ 57 റണ്‍സെടുത്ത ടോം ലാഥത്തിനൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (8), ഹെന്റി നിക്കോളാസ് (0), കെയ്ന്‍ വില്യംസണ്‍ (27), റോസ് ടെയ്‌ലര്‍ (28), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (3), മിച്ചല്‍ സാന്റ്‌നര്‍ (12), മാറ്റ് ഹെന്റി (7), ട്രന്റ് ബോള്‍ട്ട് (4) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ സ്‌കോറുകള്‍. ടിം സൗത്തി (7) പുറത്താവാതെ നിന്നു. 

ജോണി ബെയര്‍സ്‌റ്റോയുടെ (106) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ്. ബെയര്‍സ്‌റ്റോയ്ക്ക് പുറമെ ജേസണ്‍ റോയ് 60 റണ്‍സ് നേടി. മധ്യനിരയില്‍ ഓയിന്‍ മോര്‍ഗന്‍ (41) മാത്രമാണ് തിളങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍ നിന്ന് മറ്റൊരു താരം കൂടി പിടിച്ചു നിന്നിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇംഗ്ലണ്ടിന് നേടാമായിരുന്നു.  

ജോ റൂട്ട് (24), ജോസ് ബട്‌ലര്‍ (11), ബെന്‍ സ്‌റ്റോക്‌സ് (11), ക്രിസ് വോക്‌സ് (4), ആദില്‍ റഷീദ് (16) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ലിയാം പ്ലങ്കറ്റ് (15), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. ന്യൂസിലന്‍ഡിനായി ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജയിംസ നീഷാം എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios