ലോര്‍ഡ്‌സ്: സൂപ്പർ ഓവറിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തിയ മാനദണ്ഡത്തെ ചൊല്ലി വിവാദം കത്തുന്നു. സൂപ്പർ ഓവറും ടൈ ആയതോടെ കൂടുതൽ ബൗണ്ടറി നേടിയത് പരിഗണിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്.

ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റൺ പോലും ഇംഗ്ലണ്ട് അധികം നേടിയില്ല. കൂടുതൽ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. എന്നിട്ടും സൂപ്പര്‍ ഓവര്‍ നിയമത്തിൽ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരാവുകയായിരുന്നു. 100 ഓവര്‍ മത്സരം സമനിലയിൽ അവസാനിച്ച ശേഷമുള്ള സൂപ്പര്‍ ഓവറും ടൈ എങ്കില്‍ 50 ഓവറിലും സൂപ്പര്‍ ഓവറിലും ആയി ഏറ്റവും കൂടുതൽ ബൗണ്ടറി നേടുന്ന ടീം ജയിക്കണമെന്ന നിയമമാണ് ഇംഗ്ലണ്ടിന് നേട്ടമായത്. 

ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ പേരിലുണ്ടായത് മൂന്ന് സിക്സര്‍ അടക്കം 17 എണ്ണം. ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതിൽ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന വിമര്‍ശനവുമായി ഡീന്‍ ജോൺസും ഗൗതം ഗംഭീറും അടക്കമുള്ളവര്‍ രംഗത്തെത്തിക്കഴിഞ്ഞു. 

കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നിസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. രണ്ടാം വട്ടവും ടൈ ആയപ്പോള്‍ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരും കുറവല്ല. ബാറ്റ്സ്മാന്മാരുടെ കളിയായി ക്രിക്കറ്റിനെ മാറ്റുകയും ബൗളറുടെ അധ്വാനത്തെ അവഗണിക്കുകയും ചെയ്യുന്നതാണ് ഈ നിയമം എന്നതും പലരും ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. സൂപ്പര്‍ ഓവര്‍ നിയമം ഇങ്ങനെയാണെന്ന് ഫൈനലിന് മുന്‍പേ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും ആരും എതിര്‍ത്തു കണ്ടില്ല. അതായത് ഇത്തരമൊു നാടകീയ അന്ത്യം ആരും പ്രതീക്ഷിച്ചില്ലെന്ന് ചുരുക്കം.