കരുത്തുറ്റ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് നിരയും ന്യൂസിലൻഡ് പേസർമാരും തമ്മിൽ മാറ്റുരയ്ക്കലാണ് ഇന്ന് നടക്കുക. ജേസൺ റോയ് തിരിച്ചെത്തിയതോടെ ടോപ് ഓഡറിലെ പ്രശ്നം ഇംഗ്ലണ്ട് മറികടന്നിട്ടുണ്ട്. എന്നാല്‍, ന്യൂസിലൻഡിന്‍റെ തീരാതലവേദന ഓപ്പണിംഗിൽ തന്നെ. മാർട്ടിൻ ഗപ്റ്റിൽ ഇതുവരെയും ഫോമിലേക്ക് എത്തിയിട്ടില്ല
ലണ്ടന്‍: ലോകകപ്പിൽ സെമി ഉറപ്പിക്കാൻ ആതിഥേയരായ ഇംഗ്ലണ്ടിന് ഇന്ന് ജീവന്മരണ പോരാട്ടം. വൈകിട്ട് മൂന്നിനാണ് ന്യൂസിലൻഡിനെതിരായ മത്സരം. മിന്നിത്തുടങ്ങിയ ഇംഗ്ലണ്ടിന് നാട്ടുകാർക്ക് മുന്നിൽ നാണം കെടാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. ജയിച്ചാൽ 12 പോയിന്‍റോടെ സെമിയിലേക്ക് മുന്നേറാം.
തോറ്റാൽ പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരഫലം ആശ്രയിച്ചിരിക്കും ഇംഗ്ലണ്ടിന്‍റെ ഭാവി. വിജയം നേടിയാല്‍ ന്യൂസിലന്‍ഡിനും സെമി ഉറപ്പിക്കാം. കരുത്തുറ്റ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് നിരയും ന്യൂസിലൻഡ് പേസർമാരും തമ്മിലുള്ള മാറ്റുരയ്ക്കലാണ് ഇന്ന് നടക്കുക. ജേസൺ റോയ് തിരിച്ചെത്തിയതോടെ ടോപ് ഓഡറിലെ പ്രശ്നം ഇംഗ്ലണ്ട് മറികടന്നിട്ടുണ്ട്.
എന്നാല്‍, ന്യൂസിലൻഡിന്‍റെ തീരാതലവേദന ഇപ്പോഴും ഓപ്പണിംഗിൽ തന്നെ. മാർട്ടിൻ ഗപ്റ്റിൽ ഇതുവരെയും ഫോമിലേക്ക് എത്തിയിട്ടില്ല. ഇന്നും കോളിൻ മുണ്‍റോയ്ക്ക് പകരം ഹെൻട്രി നിക്കോൾസ് കളിക്കാനാണ് സാധ്യത. ഒരു കെയ്ൻ വില്യംസണിൽ ന്യൂസിലൻഡിന്‍റെ ബാറ്റിംഗ് ആക്രമണം ഒതുങ്ങുന്നാണ് കിവികളുടെ ആശങ്ക.
പക്ഷേ, ഇംഗ്ലീഷ് പട സന്തുലിതമാണ്, ബാറ്റിംഗിൽ കാര്യമായ പ്രശ്നങ്ങളില്ല. ബൗളിംഗിൽ റണ്ണൊഴുക്ക് തടയാനാവാത്തത് മോർഗന് തലവേദനയാകും. ന്യൂസിലൻഡ് ബൗളർമാർ റൺ വിട്ടുനൽകുന്നതിൽ കാണിക്കുന്ന പിശുക്കാണ് കെയ്ൻ വില്യംസണിന്‍റെ കരുത്ത്. കണക്കിലെ കളിയിൽ ഇരുവരും തുല്യശക്തികളാണ്.
കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെ മറികടന്നതിന്‍റെ ചരിത്രം കിവികൾക്കൊപ്പമുണ്ട്. ചെസ്റ്റർ ലെ സ്ട്രീറ്റിലെ പുതിയ പിച്ചിലും റണ്ണൊഴുകിയേക്കാനുള്ള സാധ്യതകളാണുള്ളത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്ക-വിൻഡീസ് പോരാട്ടത്തിൽ അറുന്നൂറിലേറെ റൺസ് ഇരുടീമുകളും കൂടി നേടിയതും മറക്കാനാവില്ല. മഴപ്പേടിയും ഇന്നത്തെ കളിയിൽ ആശങ്ക കൂട്ടും.
