ലണ്ടന്‍: ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും വിരാട് കോലിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയ. എം.എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് ക്യാപ്റ്റനായിട്ട് കോലിക്ക് തിളങ്ങാന്‍ സാധിക്കുന്നതെന്നാണ് ഗംഭീര്‍ പറഞ്ഞത്.

അദ്ദേഹം തുടര്‍ന്നു...''ലോകകപ്പില്‍ വിരാട് കോലി ഒരു മികച്ച ക്യാപ്റ്റനാവുന്നത് ധോണിയും രോഹിത്തും ടീമിലുണ്ടായതുകൊണ്ട് മാത്രമാണ്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയെ പരിഗണിക്കണമെങ്കില്‍ അദ്ദേഹം ഒരു ഐപിഎല്‍ കിരീടമെങ്കിലും നേടേണ്ടിയിരുന്നു.

ആര്‍സിബിയെ ഒരുപാട് സീസണായി അദ്ദേഹം നയിക്കുന്നു. എന്നാല്‍ മിക്കപ്പോഴും ടീം അവസാന സ്ഥാനത്താണ് അവസാനിപ്പിച്ചിരുന്നത്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയെ ആദ്യ നാലില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി ധോണിക്കും രോഹിത്തിനും താഴെയാണ്. ആര്‍സിബിയെ നയിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ തരാന്‍ ഈ രണ്ട് പേരും ഉണ്ടാവാറില്ല.'' ഗംഭീര്‍ പറഞ്ഞു.

 

ഈ പരാമര്‍ശങ്ങളെ കടുത്ത ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ് കോലി ആ താരത്തെ കുറിച്ച് ഇങ്ങനെ മണ്ടത്തരം പറയാന്‍ ഗംഭീറിന് എങ്ങനെ സാധിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.