റാഞ്ചി: ലോകകപ്പിന് ശേഷം എത്ര താരങ്ങള്‍ വിരമിക്കുമെന്ന് കണക്കുകൂട്ടുന്നുണ്ട് ക്രിക്കറ്റ് ലോകം. ക്രിസ് ഗെയ്ല്‍, ഇമ്രാന്‍ താഹിര്‍, ഷൊയ്ബ് മാലിക്ക് എന്നിവര്‍ കളി മതിയാക്കുന്ന താരങ്ങളില്‍ ചിലരാണ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയും ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ചിന്തിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത് പറയുന്നത് മറ്റൊന്നാണ്. 

ക്രിക്കറ്റ് മതിയാവോളം ധോണി ക്രിക്കറ്റില്‍ തുടരണമെന്നാണ് മഗ്രാത്ത് പറയുന്നത്. ഓസീസിന്റെ ഇതിഹാസതാരം തുടര്‍ന്നു.... ''ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഞാനും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ധോണി ക്രിക്കറ്റില്‍ തുടരണം. ആസ്വദിക്കാന്‍ കഴിയുന്ന കാലത്തോളം ധോണി ദേശീയ കുപ്പായത്തിലുണ്ടാവണം. റാഞ്ചിയില്‍ വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ സംസാരിക്കുകയായിരുന്നു മഗ്രാത്. 

ലോകകപ്പില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് കപ്പെടുക്കാന്‍ സാധ്യതയെന്നും മഗ്രാത് പറഞ്ഞു.