ലണ്ടന്‍: ട്വിറ്ററിലൂടെ പരസ്പരം ചളി വാരിയെറിഞ്ഞ് സഞ്ജയ് മഞ്ജരേക്കറും മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണും. നാളെ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ പ്ലയിങ് ഇലവന്‍ മഞ്ജരേക്കര്‍ പ്രവചിച്ചിരുന്നു. ടീമില്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയേയും മഞ്ജരേക്കര്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പരിഹാസ രീതിയിലുള്ള ചോദ്യവുമായി വോണ്‍ രംഗത്തെത്തി. 

നേരത്തെ, ജഡേജ ഒരു 'തട്ടിക്കൂട്ട്' കളിക്കാരനാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം. ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ജഡേജ മറുപടി. നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂവെന്നും ജഡേജ മറുപടിയില്‍ പറഞ്ഞു.

മഞ്ജരേക്കര്‍ ഇത്തരത്തില്‍ പരിഹസിച്ച ഒരു താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് പരിഹാസത്തോടെ വോണ്‍ ചൂണ്ടികാണിക്കുകയായിരുന്നു. ''നിങ്ങള്‍, ആ തട്ടിക്കൂട്ട് താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നു.'' വോണ്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മഞ്ജരേക്കര്‍ പിടിവിട്ടില്ല. അദ്ദേഹത്തിന്റെ മറുപടിയെത്തി... ''പ്രവചനമാണ്, എന്റെ പ്രിയപ്പെട്ട വോണ്‍... ഇത് എന്റെ ടീമല്ല'' ഇതായിരുന്നു മുംബൈക്കാരന്റെ മറുപടി.

എന്നാല്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്നായി വോണും. ''എന്നാല്‍ നിങ്ങളുടെ ടീം എന്തെന്ന് പറയൂ പ്രിയപ്പെട്ട സഞ്ജയ്. താങ്കള്‍ ഏതെങ്കിലും തട്ടിക്കൂട്ട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുമോ..?'' ഇതായിരുന്നു വോണിന്റെ ചോദ്യം. എന്നാല്‍ മറുപടിയൊന്നും മഞ്ജരേക്കറുടെ ഭാഗത്ത് നിന്നുണ്ടായില്ല.