ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ ബാറ്റിങ് ശൈലി ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ധോണി പുറത്തെടുത്ത പ്രകടനം പല മുന്‍ താരങ്ങളെയും ചൊടിപ്പിച്ചിരുന്നു. സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ധോണിക്കെതിരെ തിരിഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായ പിന്തുണ ഫുട്‌ബോള്‍ ലോകത്ത് ലഭിക്കുകയാണ് ധോണിക്ക്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയയാണ് ധോണിക്ക് പിന്തുണയുമായെത്തിയത്. ബുദ്ധിശാലിയായ ക്രിക്കറ്ററാണ് ധോണിയെന്നാണ് ബൂട്ടിയയുടെ അഭിപ്രായം. 42കാരന്‍ തുടര്‍ന്നു... അദ്ദേഹം ബുദ്ധിശാലിയായ ക്രിക്കറ്ററാണ്. ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ധോണിയെ ബലിയാടാക്കുകയാണ് പലരും ചെയ്യുന്നത്. നിങ്ങള്‍ ലോകകപ്പിലേക്ക് നോക്കൂ. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്.

വിരാട് കോലിയും സംഘവും അനായാസം ലോകകപ്പ് നേടും. ലോകകപ്പ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മാത്രമായി മാറികൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങള്‍ ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടും.'' ബൂട്ടിയ പറഞ്ഞു നിര്‍ത്തി.