മാഞ്ചസ്റ്റര്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും പിന്നാലെ ഇന്ത്യയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണും. ന്യൂസിലന്‍ഡിനെതിരെ സെമിയില്‍  എം.എസ് ധോണിയെ ഏഴാമനായി ഇറക്കിയതാണ് ലക്ഷ്മണിനെ ചൊടിപ്പിച്ചത്. തോല്‍വിക്കുള്ള കാരണവും മറ്റൊന്നല്ലെന്നാണ് ലക്ഷ്മണിന്റെ പക്ഷം.

തന്ത്രങ്ങളില്‍ വിഡ്ഢിത്തം കാണിച്ചുവെന്നാണ് ലക്ഷ്മണ്‍ പറഞ്ഞത്. അദ്ദേഹം തുടര്‍ന്നു... ''ഹാര്‍ദിക് പാണ്ഡ്യക്ക് മുമ്പ് ക്രീസിലെത്തണമായിരുന്നു. അല്ലെങ്കില്‍ കാര്‍ത്തികിന് മുന്നെയെങ്കിലും ഇറങ്ങണമായിരുന്നു. ധോണിക്ക് വേണ്ടിയുള്ള വേദിയായിരുന്നത്. 2011ല്‍ നമ്മള്‍ കണ്ടതാണ്. അദ്ദേഹം യുവരാജിന് മുമ്പ് സ്വയം നാലാം നമ്പറില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരം ഇന്ത്യ വിജയിക്കുകയും ലോകകപ്പ് നേടുകയും ചെയ്തു.'' ലക്ഷ്മണ്‍ പറഞ്ഞു നിര്‍ത്തി.

എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്നാണ് സച്ചിനും ഗാംഗുലിയും അഭിപ്രായപ്പെട്ടിരുന്നു. വിക്കറ്റുകള്‍ തുടരെ വീണ അത്തരമൊരു സാഹചര്യത്തില്‍  ധോണിക്ക് സ്ഥാനക്കയറ്റം നല്‍കി മത്സരം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടിയിരുന്നത് എന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.