കറാച്ചി: പാക് ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട സ്‌പോട്ട് ഫിക്‌സിങ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ പാക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ്. അന്ന് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദി ആരോപണ വിധേയനായ മുഹമ്മദ് ആമിറിനെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് സത്യം പറയിപ്പിച്ചതെന്ന് റസാഖ് വെളിപ്പെടുത്തി.

സംഭവത്തെക്കുറിച്ച് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ആമിറിനോടു വിശദീകരണം തേടുമ്പോള്‍ താനും കൂടെയുണ്ടായിരുന്നുവെന്ന് റസാഖ് പറഞ്ഞു. മുന്‍താരം തുടര്‍ന്നു... സ്‌പോട്ട് ഫിക്‌സിങ് മത്സരം നടക്കന്ന സമയത്ത് 18 വയസ് മാത്രമായിരുന്നു ആമിറിന്റെ പ്രായം. അഫ്രീദ് വിശദീകരണം ഞാന്‍ കൂടെയുണ്ടായിരുന്നു. എന്നാല്‍ എന്നോട് പുറത്തിറങ്ങാന്‍ അഫ്രീദി ആവശ്യപ്പെട്ടു. പിന്നാലെ ആമിറിന് അടി കിട്ടുന്ന ശബ്ദമാണ് കേട്ടത്. ശേഷം ആമിര്‍ എല്ലാം ക്യാപ്റ്റനോട് തുറന്ന് പറയുകയായിരുന്നുവെന്ന് റസാഖ് പറഞ്ഞു. 

സ്‌പോട്ട് ഫിക്‌സിങ് വിവാദത്തില്‍ അഞ്ചു വര്‍ഷത്തെ വിലക്കു ലഭിച്ച ആമിര്‍ പിന്നീട് ടീമിലേക്കു തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ലോകകപ്പ് കളിക്കുന്ന പാക്ക് ടീമിന്റെ മുഖ്യ പേസ് ബോളര്‍ കൂടിയാണ് ആമിര്‍. കൂടെ ഫിക്‌സിങ്ങില്‍ ഏര്‍പ്പെട്ട സല്‍മാന്‍ ബട്ടിന് 10 വര്‍ഷവും മുഹമ്മദ് ആസിഫിന് ഏഴ് വര്‍ഷവും വിലക്ക് ലഭിച്ചിരുന്നു. 

സല്‍മാന്‍ ബട്ട് മുമ്പും ഒത്തുകളിച്ചിരുന്നതായും റസാഖ് അഭിപ്രായപ്പെട്ടു. ഇക്കാര്യം അഫ്രീദിയെ ധരിപ്പിച്ചിരുന്നു. വിന്‍ഡീസിനെതിരെ ഒരു ട്വന്റി20 മല്‍സരത്തില്‍ ബട്ടിനൊപ്പം ബാറ്റു ചെയ്യുമ്പോഴാണ് എനിക്ക് കാര്യം മനസിലായത്. ഇന്നിങ്‌സിനിടെ സ്‌ട്രൈക്ക് കൈമാറാന്‍ ഞാന്‍ സല്‍മാനോട് ആവശ്യപ്പെട്ടു. എന്നാല്‍ മിക്ക ഓവറുകള്‍ രണ്ടോ മൂന്നോ പന്ത് പാഴാക്കിയ ശേഷമാണ് അദ്ദേഹം സ്‌ട്രൈക്ക് കൈമാറിയിരുന്നത്. ഇതോടെ ഞാന്‍ സമ്മര്‍ദ്ദത്തിലായി പെട്ടെന്ന് തന്നെ പുറത്തായി. ഇക്കാര്യം അഫ്രീദിയെ അറിയിച്ചെങ്കിലും അന്ന് അദ്ദേഹം പറഞ്ഞത് തോന്നലായിരിക്കുമെന്നാണ്. 

വിവാദം കൈകാര്യം ചെയ്യുന്നതില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് വീഴ്ച പറ്റിയതായും റസാഖ് ആരോപിച്ചു. ആരോപണ വിധേയരായ കളിക്കാരെ നാട്ടിലേക്കു തിരിച്ചയച്ച് അന്വേഷണം നടത്തുകയായിരുന്നു പിസിബി ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഐസിസി ഇടപെടില്ലായിരുന്നു, മാത്രമല്ല പാക് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ നാണം കെടുകയുമില്ലായിരുന്നു. റസാഖ് പറഞ്ഞു നിര്‍ത്തി.