മാഞ്ചസ്റ്റര്‍: റണ്‍മഴ പെയ്യുമെന്ന് കരുതിയ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ മഴ മാത്രമാണ് ലോകകപ്പില്‍ നിരവധി മത്സരങ്ങളില്‍ കാണാനായത്. ഇന്ത്യ- കിവീസ് സെമിയിലും പിച്ചിന്‍റെ സ്വഭാവത്തിന് കാര്യമായ മാറ്റമുണ്ടായില്ല. ബാറ്റിംഗിന് അനുകൂലമെന്ന് വിലയിരുത്തപ്പെട്ട ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാര്‍ വിയര്‍ത്തു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവും നിര്‍ണായകമായി.  

ഇതോടെ മാഞ്ചസ്റ്ററിലെ പിച്ചിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. 'ദുസഹമായ' പിച്ച് എന്നാണ് ഓള്‍ഡ് ട്രഫോര്‍ഡിന് മുന്‍ താരങ്ങള്‍ നല്‍കുന്ന വിശേഷണം. തുടക്കത്തിലെ വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ കിവികള്‍ക്ക് കാര്യമായ റണ്‍റേറ്റ് പിന്നീട് കണ്ടെത്താനായില്ല. എന്നാല്‍ ബൂമ്രയും ഭുവിയും അടങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരുടെ മികവും നിര്‍ണായകമായി എന്നത് മുന്‍ താരങ്ങള്‍ പരാമര്‍ശിച്ചില്ല.

ഇന്നലെ മഴ കളി തടസപ്പെടുത്തിയതിനാല്‍ ഇന്ത്യ- ന്യൂസിലന്‍ഡ് സെമി റിസര്‍വ് ദിനമായ ഇന്ന് പുനരാരംഭിക്കും. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്. ഇന്നും മത്സരം മഴ മുടക്കിയാല്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലിലെത്തുക.