മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിടുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് മത്സരം. മത്സരത്തിന് മുമ്പ് ക്രിക്കറ്റ് ആരാധകര്‍ ചിന്തിച്ചത് കാലാവസ്ഥയെ കുറിച്ചായിരുന്നു. ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ തെളിച്ചമുണ്ടെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളും നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ടോസ് വൈകിയിരുന്നു. എന്നാല്‍ 50 ഓവര്‍ മത്സരം നടത്താനും സാധിച്ചു.

ഇപ്പോള്‍ നല്ല വാര്‍ത്തയാണ് മാഞ്ചസ്റ്ററില്‍ നിന്ന് വരുന്നത്. ഇന്നത്തെ മത്സരത്തിന് മഴ തടസമാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം. 50 ഓവര്‍ മത്സരം കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. തെളിഞ്ഞ കാലാവസ്ഥയായിരിക്കും മാഞ്ചസ്റ്ററിലേത്. എന്നാല്‍ ടോസ് ഇന്നും വൈകിയേക്കുമെന്ന് വാര്‍ത്തയുണ്ട്. 

കഴിഞ്ഞ ദിവസം, നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ഇന്ത്യന്‍ താരങ്ങ ഇന്‍ഡോര്‍ പരിശീലനം നടത്തുകയായിരുന്നു. ഇന്ന് കഴിഞ്ഞ ദിവസത്തേക്കാള്‍ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ പ്രവചനമുണ്ട്.