മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരതലേന്ന് രാത്രി അഫ്‌ഗാന്‍ താരങ്ങള്‍ തമ്മില്‍ മാഞ്ചസ്റ്ററിലെ ഒരു റസ്റ്റോറന്‍റില്‍ വാക്കേറ്റമുണ്ടായോ. ഇംഗ്ലണ്ടിനെതിരായ മത്സരശേഷം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ഈ സംഭവത്തെ കുറിച്ച് ചോദിച്ചെങ്കിലും അഫ്‌ഗാന്‍ നായകന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. പകരം, ഇനിയും ഈ ചോദ്യം ആവര്‍ത്തിച്ചാല്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നായിരുന്നു നായകന്‍ ഗുല്‍ബാദിന്‍ നൈബിന്‍റെ ഭീഷണി.

റസ്റ്റോറന്‍റിലെ വാക്കേറ്റത്തെ കുറിച്ച് സുരക്ഷാ ജീവനക്കാരോടോ ടീം മാനേജരോടോ ചോദിക്കണമെന്ന് നൈബ് മാധ്യമപ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. താന്‍ അവിടുണ്ടായിരുന്നില്ലെന്നും ഇതൊന്നും ടീമിന് വലിയ പ്രശ്‌നമല്ലെന്നും വാര്‍ത്തകള്‍ നിഷേധിക്കാതെ നൈബ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ മത്സരതലേന്ന് റസ്റ്റോറന്‍റില്‍ വെച്ച് താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ലോകകപ്പില്‍ ആദ്യമായല്ല അഫ്‌ഗാന്‍ ടീം വിവാദത്തിരി കൊളുത്തുന്നത്. മുഹമ്മദ് ഷഹ്‌സാദ് ലോകകപ്പില്‍ നിന്ന് പുറത്തായത് നേരത്തെ വലിയ വിവാദമായിരുന്നു. ഇംഗ്ലണ്ടിനോട് 150 റണ്‍സിന് പരാജയപ്പെട്ടതോടെ അഞ്ചാം തോല്‍വിയുമായി അഫ്‌ഗാന്‍ ലോകകപ്പില്‍ നിന്ന് ഇതിനകം പുറത്തായിട്ടുണ്ട്.