സമ്മര്‍ദം കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങളെടുക്കുന്നതും നിര്‍ണായകമാകുമെന്ന് കോലി

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇറങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മത്സരത്തിന് മുന്‍പ് ടീം ഇന്ത്യയുടെ പദ്ധതികളെ കുറിച്ച് നായകന്‍ വിരാട് കോലി മനസുതുറന്നു. 

'താരങ്ങളെല്ലാം ആത്മവിശ്വാസത്തിലാണ്, സെമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാന്‍മാരാണ്. എന്നാല്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് നോക്കൗട്ട്. ന്യൂസിലന്‍ഡ് മികച്ച ടീമാണ്. അവര്‍ക്കെതിരെ സമ്മര്‍ദം കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങളെടുക്കുന്നതും നിര്‍ണായകമാകുമെന്നും' ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് മണിക്കാണ് മത്സരം. തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ല്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്‌മാന്‍റെ സമ്പാദ്യം. ജസ്‌പ്രീത് ബൂമ്ര നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്. എന്നാല്‍ ബൗളിംഗില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.