മെയ് 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ലോകകപ്പിന് തുടക്കമാകും. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളെന്ന് വെറ്ററന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. എന്നാല്‍ ഇന്ത്യന്‍ ടീമിന് മുന്നില്‍ കോടിക്കണക്കിന് ആരാധകരുടെ സമ്മര്‍ദമുണ്ടാകും. അത് കോലിയില്‍ മാത്രമായിരിക്കില്ല, ടീമംഗങ്ങള്‍ എല്ലാവരുടെയും മേല്‍ സമ്മര്‍ദമുണ്ടാകും. എന്നാല്‍ മുന്‍പത്തേക്കാള്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. 

ലോകകപ്പില്‍ ഏറെ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളാണ് ആതിഥേയരും ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരുമായ ഇംഗ്ലണ്ട്. കരുത്തരായ കോലിപ്പടയും കപ്പുയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും പക്ഷം. ഇംഗ്ലണ്ട് ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ മൂന്നാം ലോകകപ്പാണ് കോലിയും സംഘവും നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. മുന്‍പ് 1983ലും 2011ലുമായിരുന്നു ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കിരീടധാരണം.

മെയ് 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ലോകകപ്പിന് തുടക്കമാകും. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിലുണ്ട്.