ഓവല്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ടില്‍ എങ്ങനെയാണ് എതിരാളികള്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓവലില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മത്സരം തല്‍സമയം കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അവസരമുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഓണ്‍ലൈനായി ഹോട്ട്സ്റ്റാറിലും മത്സരം കാണാം. 

ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്‍റെ പരിക്ക് മത്സരത്തിന് മുന്‍പ് ഇന്ത്യക്ക് വെല്ലുവിളിയാണ്. വിജയ് ഇന്ന് കളിക്കുമോ എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. താരത്തിന് കളിക്കാനാകാതെ വന്നാല്‍ കെ എല്‍ രാഹുലിന് അവസരം ലഭിച്ചേക്കും. ഐപിഎല്ലിനിടെ പരിക്കേറ്റ കേദാര്‍ ജാദവ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും കളിക്കുമോയെന്ന് വ്യക്തമല്ല. ഇതേസമയം കിവീസിനും പരിക്കിന്‍റെ തിരിച്ചടിയുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ലഥാം ഇന്ന് കളിക്കില്ലെന്നുറപ്പായിട്ടുണ്ട്. 

ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും സ്റ്റാര്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെയും ഫോമും ഇന്ത്യന്‍ ടീമിന് ആശങ്കയാണ്. ലോകകപ്പിന് മുന്‍പ് ചൊവ്വാഴ്‌ച ബംഗ്ലാദേശിനെതിരെയും ഇന്ത്യ പരിശീലന മത്സരം കളിക്കും. മെയ് 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഇന്ത്യ.