നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാല്‍ ഓസ്ട്രേലിയ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനാവും. ബംഗ്ലാദേശിന് സെമി പ്രതീക്ഷ കാക്കാന്‍ ജയം അനിവാര്യമാണ്. ഓസ്ട്രേലിയന്‍ ടീമില്‍ മാര്‍ക്കസ് സ്റ്റോയിനസ് അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ബംഗ്ലാദേശ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.  സൈഫുദ്ദീന് പകരം റൂബല്‍ ഹൊസൈനും മൊസാഡെക്കിന് പകരം സാബിര്‍ റഹ്മാനും ടീമിലെത്തി.

ഓസ്ട്രേലിയയും പ്ലേയിംഗ് ഇലവന്‍: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനസ്, അലക്സ് ക്യാരി, നഥാന്‍ കോള്‍ട്ടര്‍നൈല്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫീഖുര്‍ റഹീം, ലിറ്റണ്‍ ദാസ്, മഹമ്മദുള്ള, സാബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മഷ്റഫി മൊര്‍ത്താസ, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

കണക്കിലും കരുത്തിലും ഓസ്ട്രേലിയയാണ് മുന്നിലെങ്കിലും ദക്ഷിണാഫ്രിക്കയെയും വിന്‍ഡീസിനെയും തോല്‍പ്പിച്ചെത്തുന്ന ബംഗ്ലാദേശിനെ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് നിസാരക്കാരായി കരുതാനാവില്ല. ഷാകിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവ് തന്നെയാവും ഓസ്ട്രേലിയക്ക് വെല്ലുവിളിയാവുക. തമിം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ് എന്നിവരുടെ ബാറ്റിംഗും നിര്‍ണായമാവും.

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ ബൗണ്‍സുള്ള പന്തുകളിലൂടെ ബംഗ്ലാ കടുവകളെ പിടിച്ചു കെട്ടാനാവുമെന്നാണ് ആരോണ്‍ ഫിഞ്ചിനറെ പ്രതീക്ഷ. മാര്‍ക്വസ് സ്റ്റോയിനിസ് പരിക്ക് മാറിയെത്തുന്നതും ഓസീസിന് കരുത്താവും.