ഓള്‍ഡ് ട്രാഫോര്‍ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സുഖകരമായ ഒരു തലവേദനയിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പേസ് നിരയില്‍ ആരെ കളിപ്പിക്കണമെന്നാണ് കോലി തല പുകയ്ക്കുന്നത്. ആദ്യ മത്സരങ്ങളില്‍ ബൂമ്രക്കൊപ്പം മികവ് കാട്ടിയ ഭുവനേശ്വര്‍ കുമാറിനെയോ അഫ്ഗാനെതിരെ ഹാട്രിക്കുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഷമിയെയോ എന്നാണ് കോലിയുടെ സംശയം.

പേശിവലിവിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പിന്‍മാറിയ ഭുവി അഫ്ഗാനെതിരെ കളിച്ചിരുന്നില്ല. ഭുവി വീണ്ടും പരിശീലനം തുടങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുമോ എന്ന് ഉറപ്പ് പറയാറായിട്ടില്ല. എന്നാല്‍ കായികക്ഷമത വീണ്ടെടുക്കുയാണെങ്കില്‍ ഭുവിയെ തന്നെ വിന്‍ഡീസിനെതിരെ കളിപ്പിക്കണമെന്നാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്നത്.

സ്റ്റാര്‍ സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ടീം സെലക്ടറാവുകയാണെങ്കില്‍ വിന്‍ഡീസിനെതിരെ ആരെ കളിപ്പിക്കുമെന്നായിരുന്നു സച്ചിനോടുള്ള ചോദ്യം. ഇതിനായിരുന്നു സച്ചിന്റെ മറുപടി. ഫിറ്റ്നെസ് വീണ്ടെടുക്കുകയാണെങ്കില്‍ ഭുവനേശ്വര്‍ തന്നെ വിന്‍ഡീസിനെതിരെ കളിക്കണം. കാരണം ന്യൂബോളില്‍ സ്വിംഗ് കണ്ടെത്താന്‍ ഭുവിക്ക് കഴിയും. സ്വിംഗ് കൊണ്ട് വിന്‍ഡീസ് ടോപ് ഓര്‍ഡറിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഭുവിക്ക് കഴിയും-സച്ചിന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ഭുവി മികവ് കാട്ടിയിരുന്നു. പാക്കിസ്ഥാനെതിരെ പേശിവലിവിനെത്തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ഭുവിക്ക് ഏതാനും മത്സരങ്ങളില്‍ വിശ്രമം വേണ്ടിവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്നലെ ഭുവി പരിശീലനം പുനരാരംഭിച്ച സാഹചര്യത്തിലാണ് സച്ചിന്റെ പ്രസ്താവന.