മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണിയുടെ റണ്ണൗട്ടിനെച്ചൊല്ലി വിവാദം. ധോണി റണ്ണൗട്ടായ പന്തെറിയുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ന്യൂസിലന്‍ഡ് ആറ് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തിയെന്നതാണ് കണ്ടെത്തിയിരിക്കുന്നത്. അവസാന പത്തോവര്‍ പവര്‍ പ്ലേയില്‍ അഞ്ച് ഫീല്‍ഡര്‍മാരാണ് ബൗണ്ടറി ലൈനില്‍ അനുവദനീയമായിട്ടുള്ളത്.

ന്യൂസിലന്‍ഡ് ആറ് ഫീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്തി. ഇത് അമ്പയര്‍മാര്‍ കണ്ടിരുന്നെങ്കില്‍ ധോണി റണ്ണൗട്ടായ 49-ാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് ഫ്രീ ഹിറ്റ് ലഭിക്കണമായിരുന്നു. ഫ്രീ ഹിറ്റായി ലഭിച്ച പന്തായിരുന്നെങ്കില്‍ ധോണി രണ്ടാം റണ്ണിനായി ഓടി റണ്ണൗട്ടാവേണ്ടി വരില്ലായിരുന്നു എന്നാണ് വാദം.

49-ാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനും  ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് അതിന് തൊട്ടു മുമ്പുള്ള പന്തില്‍ ഫീല്‍ഡ് സെറ്റ് ചെയ്തതത്. തേര്‍ഡ് മാനിലുള്ള ഫീല്‍ഡറെ 30വാര സര്‍ക്കിളിനകത്തേക്ക് ഇറക്കി നിര്‍ത്താതെ ഫൈന്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് കയറ്റി നിര്‍ത്തിയതാണ് ആറ് ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈനില്‍ വരാന്‍ കാരണമായത്. ഇത് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ശ്രദ്ധിച്ചതുമില്ല.ധോണി ഔട്ടായ പന്തിന് തൊട്ടു മുമ്പ്  സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിട്ട ഫീല്‍ഡിംഗ് പൊസിഷനിന്റെ ഗ്രാഫിക്സിലും ഇക്കാര്യം വ്യക്തമാണ്.

അമ്പയറിംഗ് പിഴവിനെതിരെ സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ധോണിയുടെ റണ്ണൗട്ടാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ധോണി പുറത്താവുമ്പോള്‍ ഇന്ത്യക്ക് ഒമ്പത് പന്തില്‍ 24 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.