ടോണ്‍ടണ്‍: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പാക് ആരാധകര്‍ കൂവുമെന്ന് താന്‍ കരുതുന്നില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസസ് അഹമ്മദ്. ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങും മുമ്പാണ് സര്‍ഫ്രാസിന്റെ പ്രസ്താവന. ഇന്ത്യക്കെതിരായ മത്സരത്തില്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സ്മിത്തിനെ ഗ്യാലറിയിലുള്ള ഇന്ത്യന്‍ ആരാധകര്‍ കൂവിയിരുന്നു.

തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോലി കൂവുന്നത് നിര്‍ത്താനും സ്മിത്തിനായി കൈയടിക്കാനും ആവശ്യപ്പെട്ടു. കോലിയുടെ നടപടിയെ ക്രിക്കറ്റ് ലോകകം കൈയടിയോടെയാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പാക് ആരാധകര്‍ ഇതുപോലെ പ്രതികരിച്ചാല്‍ കോലി ചെയ്തത് പോലെ അത് തടയുമോ എന്ന ചോദ്യത്തിനാണ് പാക് താരങ്ങള്‍ സ്മിത്തിനെ കൂവുമെന്ന് താന്‍ കരുതുന്നില്ലെന്ന് സര്‍ഫ്രാസ് മറുപടി നല്‍കിയത്.

പാക് ആരാധകര്‍ ക്രിക്കറ്റിനെയുിം മികച്ച കളിക്കാരെയും ഇഷ്ടപ്പെടുന്നവരാണെന്നും സര്‍ഫ്രാസ് പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട ഡേഡിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ലോകകപ്പ് ടീമിലാണ് തിരിച്ചെത്തിയത്.