ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് കിരീടം നേടിയെങ്കിലും ആ കിരീടത്തിന് അര്‍ഹര്‍ ഇംഗ്ലണ്ട് മാത്രമല്ലെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ പരാജിതര്‍ ഇല്ലെന്ന് പറഞ്ഞ പൂജാര ലോകകപ്പ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പങ്കിടണമായിരുന്നുവെന്നും വ്യക്തമാക്കി.

ഈ ഫലം ന്യൂസിലന്‍ഡിനോടുള്ള അനീതിയാണ്. എന്നാല്‍ നിയമം പരിഷ്കരിക്കേണ്ടത് ഐസിസിയാണ്. ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായെങ്കിലും ഈ ഫൈനല്‍ ദീര്‍ഘകാലം ഓര്‍മയില്‍ നില്‍ക്കുമെന്നും പൂജാര പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് 241 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടും 50 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി. പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ഇരു ടീമും 15 റണ്‍സ് വീതമടിച്ച് തുല്യത പാലിച്ചപ്പോള്‍ മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ടീമെന്ന ആനുകൂല്യത്തിലായിരുന്നു ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിച്ചത്.