മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെയും സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതികരിച്ച് ആരാധകര്‍. നാലു മത്സരങ്ങളില്‍ ഒരു അഞ്ചു വിക്കറ്റ് പ്രകടനമടക്കം 14 വിക്കറ്റ് വീഴ്ത്തിയ ഷമിയെ ഒഴിവാക്കിയത് ആരാധകര്‍ക്ക് ഒട്ടും ദഹിച്ചിട്ടില്ല.

ഷമിയെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയും വ്യക്തമാക്കി. തുടക്കത്തിലെ വിക്കറ്റ് നേടാന്‍ ഷമിക്ക് കഴിയും. തുടക്കത്തില്‍ വിക്കറ്റ് നേടിയാല്‍ അന്തിമ ഓവറുകള്‍ നിര്‍ണായകമാകില്ല.

എട്ടാം നമ്പറില്‍ ജഡേജ ബാറ്റിംഗിറങ്ങുന്ന ടീമിന്റെ ബാറ്റിംഗ് നിരയും ശക്തമാണ്. ന്യൂസിലന്‍ഡിനെതിരെ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള കുല്‍ദീപിനെ ഒഴിവാക്കിയത് വല്ലാത്ത തീരുമാനമായിപ്പോയെന്നും ഭോഗ്‌ലെ പറഞ്ഞു. ഷമിയെ ഒഴിവാക്കിയതിനെതിരെ ആരാധകരും പ്രതികരണവുമായി രംഗത്തെത്തി.