മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഫേവറൈറ്റുകളാണ് ആതിഥേയരായ ഇംഗ്ലണ്ട്. എന്നാല്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടുമേറ്റ തോല്‍വികള്‍ ഇംഗ്ലീഷ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മത്സരം കൂടി തോറ്റാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടിന് മുന്നില്‍ കനത്ത വെല്ലുവിളിയാവും. ഇന്ത്യയെയും ന്യൂസിലന്‍ഡിനെയുമാണ് ഇംഗ്ലണ്ടിന് പിന്നീട് നേരിടാനുള്ളത്. ഇതൊക്കെയാണെങ്കിലും ഇത്തവണ ഇംഗ്ലണ്ട് തന്നെ കിരീടം നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയായിരിക്കും ഇംഗ്ലണ്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തുകയെന്നും സ്വാന്‍ പറയുന്നു.

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്രകടനം മികവുറ്റതായിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പ് നേടാനുള്ള പോരാട്ടത്തില്‍ അവര്‍ മുന്‍പന്തിയിലുണ്ട്. എങ്കിലും ഈ ലോകകപ്പ് ഇംഗ്ലണ്ടിനാണ് എന്നാണ് എനിക്ക് തോന്നുന്നത്. ശ്രീലങ്കക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ഇംഗ്ലണ്ട് ടീം വീണ്ടും മാനസികമായി കരുത്താര്‍ജ്ജിച്ചു കഴിഞ്ഞു. ശ്രീലങ്കക്കെതിരെ പരമ്പരാഗത ശൈലിയില്‍ കളിച്ചതാണ് ഇംഗ്ലണ്ടിന് വിനയായത്.

ഇത്തവണ ഓസ്ട്രേലിയ കിരീടം നിലനിര്‍ത്താന്‍ സാധ്യത കാണുന്നില്ലെന്നും സ്വാന്‍ വ്യക്തമാക്കി. ഓസീസിന്റെ ശൈലി പഴയതാണ്. ഭാഗ്യം കൊണ്ടാണ് ഇത്തവണ അവര്‍ മുന്നേറുന്നത്. ശ്രീലങ്കക്കെതിരെ അവര്‍ സ്റ്റാര്‍ക്കിന്റെ മികവില്‍ രക്ഷപ്പെടുകയായിരുന്നു. ഈ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ളവര്‍ ഇംഗ്ലണ്ടും ഇന്ത്യയും തന്നെയാണ്. അവരുടെ കൂട്ടത്തില്‍ ഓസീസിനെ ഉള്‍പ്പെടുത്താനാവില്ലെന്നും സ്വാന്‍ പറഞ്ഞു.