മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 78 പന്തില്‍ 57 റണ്‍സെടുത്ത രാഹുലിനെ വഹാബ് റിയാസിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ബാബര്‍ അസം ക്യാച്ചെടുക്കുകയായിരുന്നു.  ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മക്കൊപ്പം 23.5 ഓവറില്‍ 136 റണ്‍സാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തത്.

പരിക്കേറ്റ ശിശിഖര്‍ പകരം രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രാഹുല്‍ പതുക്കെയാണ് തുടങ്ങിയത്. 17.3 ഓവറില്‍ രോഹിത്-രാഹുല്‍ സഖ്യം ഇന്ത്യയെ 100 കടത്തി. തുടക്കത്തില്‍ രാഹുലിനെ സാക്ഷി നിര്‍ത്തി ഹിറ്റ്മാന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ചതോടെ രാഹുലിന്റെ സമ്മര്‍ദ്ദം ഒഴിഞ്ഞു. പതുക്കെ താളം കണ്ടെത്തിയ രാഹുല്‍ രോഹിത്തിന് പറ്റിയ പങ്കാളിയാവുകയും ചെയ്തു.

മുഹമ്മദ് ഹഫീസിനെ സിക്സറിന് പറത്തി കളിയുടെ വേഗം കൂട്ടാന്‍ രാഹുല്‍ തുടങ്ങുമ്പോഴാണ് ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായത്. രാഹുലിന് പകരം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇപ്പോള്‍ രോഹിത്തിനൊപ്പം ക്രീസില്‍.