Asianet News MalayalamAsianet News Malayalam

നാലാം നമ്പറില്‍ ആരെത്തും ?; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ഓപ്പണിംഗില്‍ രോഹിത് ശര്‍മ കെ എല്‍ രാഹുല്‍ സഖ്യം തന്നെ തുടരും. രാഹുല്‍ കൂടുതല്‍ ഡിഫന്‍സീവ് ആവുന്നു എന്ന വിമര്‍ശനുമുയരുന്നുണ്ടെങ്കിലും ഓപ്പണറെന്ന നിലയില്‍ കഴിഞ്ഞ മൂന്ന് കളിയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു.

ICC World Cup 2019 India Predicted Playing XI against England
Author
Lord's Cricket Ground, First Published Jun 29, 2019, 7:22 PM IST

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നു. ജയിച്ചാല്‍ സെമി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ ലോകകപ്പ് ഫേവറൈറ്റുകളായി എത്തിയ ഇംഗ്ലണ്ടിന് സെമി കാണാതെ മടങ്ങേണ്ടിവരും. ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തന്നെ തുടരുമോ എന്നതാണ്. നാലാം നമ്പറില്‍ ഋഷഭ് പന്തിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണെങ്കിലും ശങ്കറിനെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തിയത് ആരാധകരില്‍ ആകാംക്ഷ കൂട്ടിയിട്ടുമുണ്ട്.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ കെ എല്‍ രാഹുല്‍ സഖ്യം തന്നെ തുടരും. രാഹുല്‍ കൂടുതല്‍ ഡിഫന്‍സീവ് ആവുന്നു എന്ന വിമര്‍ശനുമുയരുന്നുണ്ടെങ്കിലും ഓപ്പണറെന്ന നിലയില്‍ കഴിഞ്ഞ മൂന്ന് കളിയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു. മികച്ച തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റുന്നില്ല എന്നാണ് രാഹുലിനെതിരായ മറ്റൊരു വിമര്‍ശനം. വിരാട് കോലി വണ്‍ ഡൗണായി എത്തുമ്പോള്‍ നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തോ ദിനേശ് കാര്‍ത്തിക്കോ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. തുടക്കം മുതല്‍ ടീമിലുള്ള ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കാതെ പകരക്കാരനായി എത്തിയ ഋഷഭ് പന്തിന് അവസരം നല്‍കിയാല്‍ അതിനെതിരെ വിമര്‍ശനമുയര്‍ന്നേക്കാം.

അഞ്ചാമനായി ധോണിയും ആറാമനായി കേദാര്‍ ജാദവും തന്നെ തുടരാനാണ് സാധ്യത. ഏഴാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യ തന്നെ തുടരും. ഭുവനേശ്വര്‍ കുമാര്‍ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പേസ് ബൗളര്‍മാരായി മികച്ച ഫോമിലുള്ള ഷമിയും ബൂമ്രയും തന്നെയാകും ഇന്ത്യയുടെ ആയുധങ്ങള്‍. സ്പിന്നര്‍മാരായി കുല്‍ദീപും ചാഹലും തുടരും. 

Follow Us:
Download App:
  • android
  • ios