മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ ക്ലാസിക് പോരാട്ടത്തിനായി കാത്തിരിക്കുന്ന ആരധകര്‍ക്ക് സന്തോഷവാര്‍ത്ത. മത്സരത്തിലെ ടോസിന് അര മണിക്കൂര്‍ കൂടി ശേഷിക്കെ മാഞ്ചസ്റ്ററില്‍ മഴയില്ല. പിച്ച് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ പെയ്യുന്നില്ല എന്നത് മത്സരം കൃത്യസമയത്ത് തുടങ്ങുമെന്നതിന്റെ സൂചനയാണ്.

മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ് ഇപ്പോഴും മാഞ്ചസ്റ്ററില്‍. മഴ പെയ്യാനുള്ള സാധ്യത 10 മുതല്‍ 40 ശതമാനം വരെയാണെന്നാണ് കാലവസ്ഥാ പ്രവചനം. ഇന്ത്യാ-ന്യൂസിലന്‍ഡ് മത്സരം പോലെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവരില്ലെന്ന ശുഭസൂചനയും മാഞ്ചസ്റ്ററില്‍ നിന്ന് ലഭിക്കുന്നുണ്ട്.

എങ്കിലും ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള സാധ്യതയുള്ളതിനാല്‍ ടോസ് നിര്‍ണായകമായേക്കും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ ആനുകൂല്യം ലഭിക്കും. മാഞ്ചസ്റ്ററില്‍ 2015നുശേഷം ആദ്യ ബാറ്റ് ചെയ്യുന്ന ടീം നേടുന്ന ശരാശരി സ്കോര്‍ 215 മാത്രമാണെന്നതും ടോസിനെ നിര്‍ണായകമാക്കുന്നുണ്ട്.