കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ ടീം അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അഭ്യര്‍ത്ഥിച്ച് മുന്‍ താരം കമ്രാന്‍ അക്‌മല്‍. ലോകകപ്പിലെ തോല്‍വികള്‍ക്ക് ടീം അംഗങ്ങള്‍ ഉത്തരവാദികളാണെന്നും അതുകൊണ്ടുതന്നെ മുഖം നോക്കാതെയുള്ള നടപടിയാണ് വേണ്ടതെന്നും കമ്രാന്‍ പറഞ്ഞു.

പാക് ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കിയ എല്ലാവര്‍ക്കുമെതിരെ നടപടി വേണം. മോശം പ്രകടനം നടത്തിയവര്‍ അതിന്റെ അനന്തരഫലം അനുഭവിക്കണം. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണെന്നും കമ്രാന്‍ അക്‌മല്‍ പറഞ്ഞു.

പാക് ക്രിക്കറ്റില്‍ ഒരുപാട് സ്വാഭാവിക പ്രതിഭകളുണ്ട് . കഴിവിന്റെ അടിസ്ഥാനത്തില്‍ ഇവരെ ടീമിലെടുത്തിരുന്നുവെങ്കില്‍ അത് പാക് ടീമിന്റെ ബാറ്റിംഗും ബൗളിംഗും ശക്തിപ്പെടുത്തുമായിരുന്നു. ലോകകപ്പില്‍ ബാറ്റിംഗിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ പൂര്‍ണ പരാജയമായിരുന്നു. ഇംഗ്ലണ്ടിനെതിരെ മാത്രമാണ് പാക് ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായതെന്നും കമ്രാന്‍ പറഞ്ഞു.

ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള പാക്കിസ്ഥാന്‍ പോയന്റ് പട്ടികയില്‍ അഫ്ഗാനിസ്ഥാന് മുകളില്‍ ഒമ്പതാം സ്ഥാനത്താണ്.