മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ സെമിഫൈനലില്‍ ഇന്ത്യയുടെ ഋഷഭ് പന്ത് പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍. ഇത് എത്രാമത്തെ തവണയാണ് ഋഷഭ് പന്ത് ഇത്തരത്തില്‍ വിക്കറ്റ് വലിച്ചെറിയുന്നത് നമ്മള്‍ കാണുന്നത്. വെറുതെയല്ല, അയാളെ ആദ്യം ലോകകപ്പ് ടീമിലെടുക്കാതിരുന്നത്, പരിതാപകരം എന്നായിരുന്നു പീറ്റേഴ്സന്റെ ട്വീറ്റ്.

എന്നാല്‍ പീറ്റേഴ്സണ് മറുപടിയുമായി യുവരാജ് സിംഗ് രംഗത്തെത്തി. ഋഷഭ് പന്ത് ആകെ എട്ട് ഏകദിനങ്ങള്‍ മാത്രമെ കളിച്ചിട്ടുള്ളൂവെന്നും പുറത്തായത് അയാളുടെ പിഴവല്ലെന്നും യുവി പറഞ്ഞു. തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച് ഋഷഭ് പന്ത് മികച്ച ക്രിക്കറ്ററാകുമെന്നും അതിനെ പരിതാപകരം എന്നൊന്നും പറയേണ്ട കാര്യമില്ലെന്നും പറഞ്ഞ യുവി എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.

എന്നാല്‍ ഋഷഭ് പന്ത് മികച്ച കളിക്കാരനാണെന്നും അതിനാലാണ് ഇങ്ങനെ വിക്കറ്റ് കളയുമ്പോള്‍ അസ്വസ്ഥനായതെന്നും പറഞ്ഞ പീറ്റേഴ്സണ്‍ ഒരു പാട് തവണയായി പന്ത് ഇത്തരത്തില്‍ പുറത്താവുന്നുവെന്നും തെറ്റുകളില്‍ നിന്ന് അയാള്‍ പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ നാലു വിക്കറ്റ് നഷ്ടമായശേഷം ഋഷഭ് പന്തും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നുള്ള കൂട്ടുക്കെട്ട് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ ഘട്ടത്തിലാണ് മിച്ചല്‍ സാന്റ്നറെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ പന്ത് ഡീപ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി മടങ്ങിയത്. പ്രതിഭാധനനായ പന്ത് തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുമെന്ന് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും പറഞ്ഞിരുന്നു.