മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യയുടെ വഴി അടച്ചത് ഒരു ഡയറക്ട് ഹിറ്റായിരുന്നു. എം എസ് ധോണിയെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടാക്കിയ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഡയറക്ട് ത്രോ. എന്നാല്‍ തന്റെ ഏറ് ഭാഗ്യം കൊണ്ടാണ് നേരെ വിക്കറ്റില്‍ കൊണ്ടതെന്ന് തുറന്നുപറയുകയാണ് ഗപ്ടില്‍.

ധോണി അടിച്ച പന്ത് എന്റെ നേര്‍ക്കാണ് വരുന്നതെന്ന് എനിക്കാദ്യം മനസിലായതുപോലുമില്ല. എന്നാല്‍ അത് മനസിലായപ്പോള്‍ എത്രയും വേഗം പന്ത് കൈയിലെടുത്ത് ത്രോ ചെയ്യുക എന്നു മാത്രമെ മനസിലുണ്ടായിരുന്നുള്ളു. പന്ത് കൈയിലെടുത്തപ്പോള്‍ വിക്കറ്റിലേക്ക് നേരിട്ട് എറിയുകയാണ് നല്ലതെന്ന് തോന്നി. അവിടുന്നുള്ള ത്രോ നേരെ വിക്കറ്റില്‍ കൊണ്ടത് ഭാഗ്യം കൊണ്ടാണ്. ആ സമയം ധോണി ക്രീസിനുളളിലെത്താതിരുന്നതും ഞങ്ങളുടെ ഭാഗ്യം-ഗപ്ടില്‍ പറഞ്ഞു.

ലോകകപ്പില്‍ ബാറ്റ് കൊണ്ട് നിരാശപ്പെടുത്തിയ ഗപ്ടില്‍ ഫീല്‍ഡിംഗ് മികവിന്റെ ബലത്തിലാണ് ടീമില്‍ സ്ഥാനം നിലര്‍ത്തിയിരുന്നത്. സെമിയില്ഞ ഇന്ത്യക്കെതിരെ തുടക്കത്തിലെ പുറത്തായെങ്കിലും ധോണിയെ റണ്ണൗട്ടാക്കിയ നിര്‍ണായക ത്രോയിലൂടെ ഗപ്ടില്‍ വീണ്ടും ടീമിലെ താരമായി.