ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് റെക്കോര്‍ഡ്. ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് ഷമി സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഷമിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച ആദ്യ ബൗളര്‍.

ഇതിനൊപ്പം തുടര്‍ച്ചയായി മൂന്ന് ഏകദിന മത്സരങ്ങളില്‍ നാലോ അതില്‍ കൂടുതലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ഷമി സ്വന്തമാക്കി. നരേന്ദ്ര ഹിര്‍വാനിയാണ് ഷമിക്ക് മുമ്പ് ഏകദിനത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ ബൗളര്‍. നേരത്തെ ലോകകപ്പിലെ തന്റെ ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് നേടിയ ഷമി വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തിലും നാലു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റെടുത്തത്. ലോകകപ്പില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ 13 വിക്കറ്റാണ് ഷമിയുടെ സമ്പാദ്യം. ലോകകപ്പിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിച്ച ബൂമ്രക്ക് 11 വിക്കറ്റേ ഇതുവരെ നേടാനായിട്ടുള്ളു.