മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന മൂന്നാമത്ത കളിക്കാരനെന്ന നേട്ടമാണ് ഇന്ന് ധോണിക്ക് സ്വന്തമാവുക. കരിയറിലെ 344-ാം ഏകദിനത്തിനാണ് ധോണി ഇന്നിറങ്ങുക.

463 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച താരം. 448 ഏകദിനങ്ങള്‍ കളിച്ച ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ ആണ് സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്.  ഇന്ത്യന്‍ താരങ്ങളില്‍ 344 കളിച്ച രാഹുല്‍ ദ്രാവിഡാണ് സച്ചിന് പിന്നില്‍ രണ്ടാമത്. ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച കളിക്കാരുടെ പട്ടിക കാണാം.

ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുന്നതോടെ ദ്രാവിഡിനൊപ്പം ധോണിയുമെത്തും. അഫ്ഗാനെതിരായ അടുത്ത മത്സരത്തോടെ ദ്രാവിഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്യും. 334 ഏകദിനങ്ങള്‍ കളിച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍, 311 ഏകദിനങ്ങളില്‍ കളിച്ച മുന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവരാണ് സച്ചിനും ദ്രാവിഡിനും ധോണിക്കും പിന്നില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍.